മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

post

തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീര്‍ത്ത ദുരന്തത്തിന്റെ അലയൊലികള്‍ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്.

ഓരോ വെല്ലുവിളിയും നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. പ്രതിബന്ധങ്ങള്‍ മറികടക്കാന്‍  ഐക്യത്തോടെയും ആര്‍ജ്ജവത്തോടെയും മുന്നോട്ടു പോകാന്‍ നമുക്കു സാധിച്ചു.  വികസന-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ ഉജ്ജ്വലമായ വിധിയെഴുതിയത്.

കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ പുതിയ വെല്ലുവിളികള്‍ നാം ഏറ്റെടുക്കുകയാണ്. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതല്‍ മികവിലേക്ക് ഉയരുകയും ചെയ്തു. സുസ്ഥിര വികസനത്തിന്റേത് ഉള്‍പ്പെടെ നിരവധി ദേശിയ സൂചികകളില്‍ മികച്ച സ്ഥാനം നേടാന്‍ നമുക്ക് കഴിഞ്ഞു. അഭിമാനാര്‍ഹമായ ഈ നേട്ടങ്ങള്‍ക്ക് കാരണം സര്‍ക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നു എന്നതാണ്.

നാടിന്റെ നന്‍മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതല്‍ കരുത്തോടെ പുതുവര്‍ഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം. വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം. അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പങ്കാളികള്‍ ആകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാം.

അതിലുപരി നാടിന്റെ ഐക്യവും സമാധാനവും  പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്‍മകളെയും അകറ്റി നിര്‍ത്തുമെന്നും തീരുമാനിക്കാം. തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. രോഗപ്പകര്‍ച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏവര്‍ക്കും ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍.