കെഎസ്ആര്‍ടിസിയിലെ മില്‍മ ഫുഡ് ട്രക്ക് രണ്ടുമാസം പിന്നിടുന്നു

post

പ്രതിമാസം വരുമാനം 20,000

പാലക്കാട്: മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മില്‍മ മലബാര്‍ മേഖല  യൂണിയനും കെഎസ്ആര്‍ടിസിയും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി ('ഷോപ് ഓണ്‍ വീല്‍') വിജയകരമായി രണ്ടു മാസം പിന്നിടുന്നു. കാലാവധി കഴിഞ്ഞ കെഎസ്ആര്‍ടിസി ബസ് ആവശ്യമായ രൂപമാറ്റം വരുത്തി ഫുഡ് ട്രക്കാക്കികൊണ്ടാണ് സാധാരണക്കാര്‍ക്കിടയില്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം ലഭ്യമാക്കുന്നത്. പഴയ കെഎസ്ആര്‍ടിസി ബസുകള്‍ മില്‍മയ്ക്ക് നല്‍കി അവ നവീകരിച്ച് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം സ്ഥാപിച്ചാണ് ഫുഡ് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി 10.30 വരെയാണ് പ്രവര്‍ത്തന സമയം. പ്രതിമാസം 20000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരുപോലെ സഹായകരമാകുന്ന പദ്ധതിയാണിതെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി. എ ഉബൈദ് അറിയിച്ചു. ജില്ലയിലെ ഏക പദ്ധതിയായ ഫുഡ് ട്രക്ക് 'ഷോപ്പ് ഓണ്‍ വീല്‍', 'മില്‍മ ആനവണ്ടി' എന്ന പേരുകളിലും അറിയപ്പെടുന്നു. ചായ, കാപ്പി, ഐസ്‌ക്രീം, ജ്യൂസ്, പുഡിങ് കേക്ക്, മറ്റു പാനീയങ്ങള്‍, പലഹാരങ്ങള്‍ തുടങ്ങി മില്‍മയുടെ നാല്പതോളം ഉത്പന്നങ്ങളാണ് വില്‍പ്പനയ്ക്കുള്ളത്. 'ഷോപ് ഓണ്‍ വീല്‍'ന് വേണ്ടി കൊമേഷ്യല്‍ വിങ് രൂപീകരിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സ്വീകാര്യത വര്‍ധിച്ചതോടെ സംരംഭം ജില്ലയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. മില്‍മയെ കൂടാതെ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാന്‍ സംരംഭകരായി പൊതുജനങ്ങളെ കൂടി പങ്കാളികളാക്കാനും കെഎസ്ആര്‍ടിസി അധികൃതര്‍ ആലോചിച്ചു വരുന്നതായും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി. എ ഉബൈദ് അറിയിച്ചു.