'പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങളെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം'

post

സ്‌കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ഥികളോട് സംവദിച്ച് ജില്ലാ കലക്ടര്‍

കണ്ണൂര്‍: 'പ്ലാസ്റ്റിക് നിരോധനം എന്നത് എളുപ്പമാണോ? അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമല്ലേ?' ഡാനിയയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് കലക്ടര്‍ മറുപടി പറഞ്ഞത്. പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിക്കുക എളുപ്പമല്ല, പ്ലാസ്റ്റിക്കിനു പകരമുള്ള ഉത്പന്നങ്ങളെ ശീലമാക്കി വീട്ടിലും നാട്ടിലും മാതൃകയാവണമെന്ന ഉത്തരം ഡാനിയക്കും കൂട്ടുകാര്‍ക്കും സ്വീകാര്യമായിരുന്നു. സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ ത്രിദിന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് മമ്പറം ഹയര്‍ സെക്കണ്ടറിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിനെ കാണാന്‍ നേരിട്ടെത്തിയത്.

പ്ലാസ്റ്റിക്കിനെ തുരത്തണമെന്നു പറയുമ്പോഴും കൊവിഡ് കാലത്ത് ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍ തിരികെ വന്നു.  കുട്ടികള്‍ക്കാണ് സമൂഹത്തില്‍ ഇതിനെതിരെ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനാവുകയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആരോഗ്യ കാര്യങ്ങള്‍ എങ്ങനെ ശ്രദ്ധിക്കണമെന്നും സമ്മര്‍ദ്ദങ്ങളില്ലാതെ എങ്ങനെ നന്നായി പഠിക്കാമെന്നുമുള്ള 'മോട്ടിവേഷന്‍ ടിപ്സും' കലക്ടര്‍ നല്‍കി. പ്ലാസ്റ്റിക് സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രൊജക്ടിന്റെ ഭാഗമായാണ് കുട്ടികള്‍ കലക്ടറെ സന്ദര്‍ശിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള തദ്ദേശ സ്ഥാപന സംവിധാനങ്ങളും കലക്ടര്‍ വിശദീകരിച്ചു.

പ്ലസ് ടു വിദ്യാര്‍ഥികളായ, അഭിഷേക്, ഗോപിക, സപ്നില്‍, കൃഷ്ണ പ്രഭ തുടങ്ങി 32 പേരാണ് കലക്ടറോട് സംവദിച്ചത്. സ്‌കൗട്ട് മാസ്റ്റര്‍ കെ പി അനീഷ് കുമാര്‍, ഗൈഡ് ക്യാപ്റ്റന്‍ ഒ സി സംഗീത എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കലക്ടറേറ്റില്‍ എത്തിയത്. ഓരോരുത്തരെയും നേരിട്ട് പരിചയപ്പെട്ട് ചോദ്യങ്ങള്‍ക്കുത്തരം നല്‍കി. അര മണിക്കൂറിലധികം  ചെലവഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്.