'മനസ്സോടിത്തിരി മണ്ണ്' പദ്ധതി ഉദ്ഘാടനം ഇന്ന്

post

തിരുവനന്തപുരം: ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള സര്‍ക്കാര്‍  പദ്ധതി 'മനസ്സോടിത്തിരി മണ്ണ്' ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് അഞ്ച് മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ലൈഫ്മിഷന്‍ മൂന്നാം ഘട്ടത്തില്‍ വീടില്ലാത്തവര്‍ക്കായി 39 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2022 മാര്‍ച്ച് 22ന് മുമ്പ് നാല് ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. 2022 മെയ് 31ന് മുമ്പായി ആറ് ഭവന സമുച്ചയങ്ങളും 2022 ആഗസ്ത് 22ന് മുമ്പായി 13 ഭവന സമുച്ചയങ്ങളും ഒക്ടോബര്‍ 22ന് മുമ്പ് അഞ്ച് ഭവന സമുച്ചയങ്ങളും പാര്‍ട്ണര്‍ഷിപ്പ് പ്രോജക്ടായി മൂന്ന് ഭവന സമുച്ചയങ്ങളും ഭവന രഹിതര്‍ക്ക് കൈമാറും. നിര്‍മ്മാണം ആരംഭിക്കാന്‍ തടസ്സങ്ങളുള്ള ഏട്ട് ഭവനസമുച്ചയം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

2021 മാര്‍ച്ച് വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമുള്‍പ്പെടെ ഭവന നിര്‍മ്മാണത്തിനായി ചിലവഴിച്ചത് 8993.20 കോടി രൂപയാണ്. 2021-22 വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഒരുലക്ഷം വീടുകള്‍ നിര്‍മിക്കാനാണ്. 2021 ഏപ്രില്‍ മുതല്‍ 14,914 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 85,086 വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലൈഫ് മൂന്നാംഘട്ടത്തില്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിക്കുമ്പോള്‍ 1000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനായി ഒരു ഗുണഭോക്താവിന് 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി രൂപ നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ധാരണാപത്രം കൈമാറും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് 50 സെന്റ് ഭൂമി സംഭാവന നല്‍കുന്ന സമീര്‍ പി ബിയുടെ ഭൂമിയുടെ ആധാരവും മനസ്സോടിത്തിരി മണ്ണിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് കൈമാറും.