പ്ലാസ്റ്റിക്ക് ഫ്രീകണ്ണൂര്‍ ക്യാമ്പയിന് പിന്തുണ ഏറുന്നു

post

കണ്ണൂര്‍: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വന്‍ പിന്തുണ. നിത്യ ജീവിതത്തില്‍ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിള്‍ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവല്‍കരണ പരിപാടിയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍. തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്‍ മുന്നേറുന്നത്.

ക്യാമ്പയിനിന്റെ ഭാഗമായുള്ള ബദല്‍ ഉല്‍പന്ന പ്രദര്‍ശനം കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഡിസംബര്‍ 31 വരെ നടക്കും.

ചെറുതാഴം  ഗ്രാമ പഞ്ചായത്തില്‍ ജനുവരി ഒന്നിന് വൈകിട്ട്  പ്ലാസ്റ്റിക്ക് ഫ്രീ പഞ്ചായത്ത്-ശുചിത്വ റാലി സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടാളി ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് ഫ്രീ ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി അഞ്ചിന് പ്ലാസ്റ്റിക് ബദല്‍ വിളംബര ഘോഷ യാത്രയും തുടര്‍ന്ന് ശുചിത്വ ഗീതത്തിന്റെ അകമ്പടിയോടെ മെഗാ തിരുവാതിരയും സംഘടിപ്പിക്കും.

മുഴുവന്‍ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും, കുട്ടികളും, പഞ്ചായത്തും ചേര്‍ന്ന് വീഡിയോ പ്രചാരണവും നടത്തും.  ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത മംഗല്യം പദ്ധതി നടപ്പില്‍ വരുത്താനും കൂടാളി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക്കിനെതിരായ നടപടി ശക്തമാക്കാന്‍ ആന്റി വിജിലന്‍സ് ടീം രൂപീകരിക്കാനും തീരുമാനിച്ചു.

കോട്ടയം ഗ്രാമപഞ്ചായത്തില്‍ ജനുവരി ഒന്നിന് എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കും. വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഡിസംബര്‍ 31 ന് ശുചിത്വ സന്ദേശ യാത്രയും സംഘടിപ്പിക്കും. പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുതലങ്ങളില്‍  ബദല്‍ ഉല്‍പന്ന മേളകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  ആദ്യ മേള പെരളശ്ശേരിയില്‍ രണ്ട് കേന്ദ്രങ്ങളിലായി ഡിസംബര്‍ 24 ന് നടന്നു.

ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 30 നാണ് ബദല്‍ ഉല്‍പന്ന വിപണന മേള. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ ജനുവരി നാല്, അഞ്ച് തീയ്യതികളില്‍ മേള നടക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്ത്  ജനുവരി ഒന്ന്, രണ്ട് തീയ്യതികളില്‍ പിലാത്തറ ബസ് സ്റ്റാന്‍ഡില്‍ ബദല്‍ ഉല്‍പന്ന മേള സംഘടിപ്പിക്കും.

കണിച്ചാര്‍, ഇരിക്കൂര്‍, കീഴല്ലൂര്‍ പഞ്ചായത്തുകളില്‍ ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിച്ചിട്ടുണ്ട്.  ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നല്‍കാന്‍ പേരാവൂര്‍ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട്് പി പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍    ജനുവരി ഒന്ന് മുതല്‍ ആന്റി പ്ലാസ്റ്റിക ് സ്‌ക്വാഡിന്റെ പരിശോധന കര്‍ശനമാക്കും. ഡിസംബര്‍ 30 ന് പിപ്പിനിശേരി - കണ്ണപുരം അതിര്‍ത്തി മുതല്‍ കണ്ണപുരം ടൗണ്‍ വരെ ശുചിത്വ റാലി സംഘടിപ്പിക്കും. ജനുവരി നാല്, അഞ്ച് തീയ്യതികളില്‍ ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശനമേളയും സംഘടിപ്പിക്കും.

മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജനവരി ഒന്നു മുതല്‍ ആരംഭിക്കും. മയ്യില്‍ ബസ്സ്റ്റാന്റില്‍ ബദല്‍ ഉല്‍പന്ന പ്രദര്‍ശന മേള ജനവരി ഒന്നിന് ആരംഭിക്കും. ജനുവരി എട്ടിന് പ്ലാസ്റ്റിക്ക് മുക്ത പ്രചരണ മാര്‍ച്ച് സംഘടിപ്പിക്കും.