കോവിഡ് പ്രതിരോധം; ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി

post

ആലപ്പുഴ: കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ കേന്ദ്ര സംഘം വിലയിരുത്തി.ഡോ. പല്ലവി, ഡോ.ശുഭ ഗാര്‍ഗ്, ഡോ.എം.പി സുഗുണന്‍, ഡോ. ദീപക് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ ജില്ലയില്‍ എത്തിയത്. 

കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുമായി കൂടിക്കാഴ്ച്ച നടത്തിയ ഇവര്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിച്ച പ്രത്യേക മുന്‍കരുതല്‍ സംവിധാനങ്ങള്‍, കോവിഡ് പരിചരണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത എന്നിവയെക്കുറിച്ച് ചോദിച്ചറിഞ്ഞു.

വിദേശത്ത് നിന്നും നാട്ടിലെത്തുന്നവരുടെ പട്ടിക ജാഗ്രതാ സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി പ്രാദേശിക തലത്തില്‍ തയ്യാറാക്കണം. ക്വാറന്റയിനും സ്വയം നിരീക്ഷണവും നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ അത് പാലിക്കുന്നുണ്ടെന്നും കോവിഡ് പരിശോധന നടത്തുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദേശിച്ചു.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അശ സി. ഏബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. 

വണ്ടാനം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കോവിഡ് പരിശോധനാ കേന്ദ്രം, ആലപ്പുഴ നഗരസഭാ ശതാബ്ദി മന്ദിരത്തിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.