'മിഷന്‍ 1000' പദ്ധതി: കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികളെ മലപ്പുറം നഗരസഭ ആദരിച്ചു

post

മലപ്പുറം: നഗരസഭയുടെ ഉന്നത വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'മിഷന്‍ 1000' കേന്ദ്രസര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച 45 വിദ്യാര്‍ഥികളെ നഗരസഭ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പതിവ് കര്‍ത്തവ്യ നിര്‍വഹണത്തിനുമപ്പുറത്തേക്ക് വേറിട്ട മാതൃകയാണ് മലപ്പുറം നഗരസഭയുടെ 'മിഷന്‍ 1000' പദ്ധതിയെന്ന് എം.പി പറഞ്ഞു. ഏതൊരു തദ്ദേശ സ്ഥാപനത്തിനും മാതൃകയാക്കാവുന്ന ഒന്നാണ് 'മിഷന്‍ 1000' പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിച്ച 45 വിദ്യാര്‍ത്ഥികളെയാണ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് നഗരസഭ പരിധിയിലെ 1000 പേരെയെങ്കിലും ഐ.ഐ.ടി, ഐ.ഐ.എം ഉള്‍പ്പടെ രാജ്യാന്തരനിലവാരമുള്ള സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍വകലാശലകള്‍ എന്നിവിടങ്ങളില്‍ എത്തിക്കുക ലക്ഷ്യത്തോടെയാണ് നഗരസഭ 'മിഷന്‍ 1000' പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഗമം 2021 ഓഗസ്റ്റ് 14 ന് നടത്തിയിരുന്നു. ഇതിലൂടെ കുട്ടികള്‍ക്ക് മുന്‍നിര സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍, പ്രവേശന നടപടികള്‍, പ്രവേശന പരീക്ഷക്കുള്ള തയാറെടുപ്പുകള്‍, അപേക്ഷാ സമയം എന്നിവ സംബന്ധിച്ച് പരിചയപ്പെടുത്തി. കൂടാതെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി സംവദിക്കാനും അവസരമൊരുക്കിയിരുന്നു. വിദ്യാര്‍ഥികളുടെ സഹായത്തിനായി പ്രത്യേകം ടാസ്‌ക്‌ഫോഴ്‌സുകളും രൂപീകരിച്ചിരുന്നു.