കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും: മന്ത്രി ആർ ബിന്ദു

post

തൃശൂര്‍: കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കാനും സാക്ഷരത ഉറപ്പുവരുത്താനും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ ബാലാവകാശ കമ്മീഷനും പൊലീസും കൃത്യമായ ഇടപെടൽ നടത്തി സംരക്ഷണം ഉറപ്പാക്കണം. ബാലാവകാശ കമ്മീഷൻ കുട്ടികൾക്ക് വ്യത്യസ്ത സംരക്ഷണ സംവിധാനങ്ങൾ കണ്ടെത്തുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

വിമല കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ ജി വിശ്വനാഥൻ, ജുവൈനൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് എം ശ്രുതി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഫാദർ ഫിലിപ്പ് പരക്കാട്ട്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ 

പി ജി മഞ്ജു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.