പാല്‍, മാംസം, മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തയാണ് സര്‍ക്കാര്‍ ലക്ഷ്യം ; മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി

post

കാസര്‍കോട്: പാല്‍, മാംസം, മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വോര്‍ക്കാടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല്‍ സംഭരണ മുറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പാല്‍ സൂക്ഷിക്കാനുള്ള സൗകര്യം ലഭ്യമായതോടെ പാല്‍ ഉത്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ സാധിക്കണമെന്നും അതിലൂടെ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരമേഖലയില്‍ നാം ഏറെ മുന്നിലെത്തിയെന്നും സ്വയം പര്യാപ്തയിലേക്ക് എത്തി. കേരളത്തില്‍ മലബാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്നത്. മലപ്പുറത്ത് പാല്‍പൊടി നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചതോടെ നമുക്ക് അധികം വരുന്ന പാല്‍ ആ രീതിയിലും ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. കന്നുകാലികളുടെ രോഗ നിവാരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ബ്ലോക്ക് അടിസ്ഥാനത്തില്‍ രാത്രി കാലങ്ങളിലും മൃഗ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ കര്‍ഷകര്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംഘം പുനരുജ്ജീവിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ പ്രോമോട്ടിംങ് കമ്മിറ്റിയെ ആദരിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വി പി സുരേഷ് കുമാര്‍ സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ജിജ സി കൃഷ്ണന്‍ വോര്‍ക്കാടി ക്ഷീര സംഘത്തിലെ മികച്ച കര്‍ഷകനെ ആദരിച്ചു. വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഭാരതി  മികച്ച എസ്.സി/എസ്.ടി കര്‍ഷകനെ ആദരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് മികച്ച വനിതാ ക്ഷീരകര്‍ഷകയെ ആദരിച്ചു. 

മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷെമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന്‍ മെമ്പര്‍കമലാക്ഷി,ബ്ലോക്ക് പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന്‍ മെമ്പര്‍ മൊയ്തീന്‍ കുഞ്ഞി, വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗീതാ സമാനി,  വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. വോര്‍ക്കാടി ക്ഷീരസംഘം പ്രസിഡന്റ് എന്‍ കൃഷ്ണമൂര്‍ത്തി സ്വാഗതവും മഞ്ചേശ്വരം ക്ഷീരവികസന ഓഫീസര്‍ എസ് അജയന്‍ നന്ദിയും പറഞ്ഞു.

ക്ഷീര വികസന വകുപ്പിന് ധനസഹായത്തോടെ 13,85, 237 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് സോളാര്‍ പാനല്‍ നിര്‍മ്മിച്ചത്. 45 പാനലുകളിലായി ഇവിടെ 20 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. സംഘത്തിന്റെ ആവശ്യത്തിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി യ്ക്ക് നല്‍കും.  ഇതോടെ വൈദ്യുതി തടസ്സം നേരിട്ടാലും ബള്‍ക്ക് മില്‍ക്ക് കൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം. 

മഞ്ചേശ്വരം ബ്ലോക്കിലെ 200 ക്ഷീര കര്‍ഷകര്‍  അംഗങ്ങളായുള്ള  സംഘത്തില്‍ മില്‍മയുടെ സഹായത്തോടെ 3000 ലിറ്റര്‍ പാല്‍ കേടുവരാതെ സൂക്ഷിക്കാനുള്ള ബള്‍ക്ക് മില്‍ക്ക് കൂളറാണ് സ്ഥാപിച്ചത്.