കാലിത്തീറ്റ വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു

post

ഇടുക്കി : വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ പട്ടയക്കുടി, മുണ്ടന്‍മുടി മേഖലകളിലെ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് 50 കിലോ വീതം കാലിത്തീറ്റ വിതരണം ചെയ്തു. മുണ്ടന്‍മുടി സാംസ്‌കാരിക നിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറെ നാളുകളായി പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പട്ടയക്കുടിയിലെയും മുണ്ടന്‍മുടിയിലേയും ഉപകേന്ദ്രങ്ങള്‍ സൗകര്യപ്രദമായ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ താക്കോല്‍ദാന കര്‍മ്മവും ചടങ്ങില്‍ വച്ച് നടന്നു. വൈദ്യുതി ബന്ധവും ജല സൗകര്യവും ലഭ്യമായതിനാല്‍ ഇനി മുതല്‍ കോഴിവസന്ത, പേവിഷബാധ, കുളമ്പുരോഗം, ആട് വസന്ത തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളും പ്രഥമ ശുശ്രൂഷ മരുന്നുകളും ഉപകേന്ദ്രങ്ങത്തില്‍ നിന്നും ലഭ്യമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വിനോദ് മാത്യു പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കുള്ള ഗോസമൃദ്ധി ഇന്‍ഷുറന്‍സ് സുഗമമായി നടപ്പാക്കുന്നതിന് പുതുതായി ഏര്‍പ്പെടുത്തിയ ഗോമിത്ര പോര്‍ട്ടല്‍ മുഖേനയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വെറ്റിനറി ഡോക്ടര്‍മാരായ ഡോ. പ്രഫുല്‍, ഡോ. ആദര്‍ശ് ചന്ദ്രന്‍ എന്നിവരെയും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വിജ്ഞാന വ്യാപനവും സ്തുത്യര്‍ഹമായ രീതിയില്‍ നടത്തിയ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരായ റഷീദ്.എം.കെ., ദിനേശ്.പി ടി, ലിന്റാ മോള്‍.വി.എ. എന്നിവരെയും യോഗത്തില്‍ ആദരിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്ന പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കായുള്ള പുരസ്‌കാരം പ്രസിഡന്റിന് കൈമാറി. ചടങ്ങില്‍ അസി. പ്രോജക്ട് ഓഫീസര്‍ ഡോ. ബിജു.ജെ.ചെമ്പരത്തി, ഫീല്‍ഡ് ഓഫീസര്‍ സുരേഷ്, പഞ്ചായത്തംഗങ്ങളായ സുരേന്ദ്രന്‍, ജിജോ ജോസഫ്, സന്ധ്യാ റോബിന്‍ എന്നിവര്‍ സംസാരിച്ചു.