കപ്പാട് പന്നി വളര്‍ത്തല്‍ കേന്ദ്രം മന്ത്രി ജെ. ചിഞ്ചു റാണി സന്ദര്‍ശിച്ചു

post

കോട്ടയം: മൃഗ സംരക്ഷണ വകുപ്പിന്റെ കപ്പാട് പന്നി വളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സന്ദര്‍ശിച്ചു. ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്തെ ഏറ്റവും വലിയ പന്നി ബ്രീഡിംഗ് ഫാമുകളിലൊന്നാണിത്. പത്തേക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാമിന്റെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മൂന്ന് ഷെഡുകളുടെയും ക്വാര്‍ട്ടേഴ്‌സുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് അടിയന്തരമായി നല്‍കണമെന്നും നിര്‍ദേശിച്ചു. നല്ലയിനം പന്നികുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കപ്പാട് പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന് കഴിഞ്ഞതായി ഉദ്യോഗസ്ഥയോഗത്തില്‍ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.ടി. തങ്കച്ചന്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രൊജക്റ്റ് ഓഫീസര്‍ ഡോ. സീമ മനോജ്  കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.