പി.എന്‍. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും

post

തിരുവനന്തപുരം: പൂജപ്പുരയിലെ പി.എന്‍. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (ഡിസംബര്‍ 23) അനാവരണം ചെയ്യും. കൊച്ചിയില്‍ നിന്ന് രാവിലെ 11.05നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30നു പ്രതിമ അനാവരണം നിര്‍വഹിക്കും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പ്രൊഫ. പി. ജെ. കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ എന്‍. ബാലഗോപാല്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിമ നിര്‍മിച്ച കെ.എസ്. സിദ്ധനു മുഖ്യമന്ത്രി പുരസ്‌കാരം നല്‍കും. ചടങ്ങിനു ശേഷം അദ്ദേഹം രാജ്ഭവനിലേക്കു പോകും. വൈകിട്ട് അഞ്ചിനു രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്നു രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം 24നു രാവിലെ 10.20നു ഡല്‍ഹിക്കു മടങ്ങും.

പ്രതിമ അനാവരണ ചടങ്ങിനെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രൊഫ. പി.ജെ. കുര്യന്‍, എന്‍. ബാലഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.