വാതില്‍പ്പടി സേവനം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി കെ.എന്‍ ബാലഗോപാല്‍

post

കൊല്ലം :  ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും വാര്‍ഡ് ഹെല്‍ത്ത് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി നടപ്പിലാക്കുന്ന വാതില്‍പ്പടി സേവനം ജില്ലയിലെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വാര്‍ഡ് തലത്തില്‍ ഓരോ വ്യക്തിക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ആദ്യ വാര്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ കുളക്കട ഗ്രാമ പഞ്ചായത്തിലെ വെണ്ടാര്‍ വാര്‍ഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്ഥാപനങ്ങളില്‍ ആശാവര്‍ക്കര്‍മാരുടെ വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും  വാര്‍ഡുകളില്‍ ആരോഗ്യ അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിനും വാര്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍ സഹായകമാകും. സര്‍ക്കാരും ഇതര ഏജന്‍സികളും നടപ്പാക്കുന്ന പെന്‍ഷന്‍ സ്‌കീമുകള്‍ അടക്കമുള്ള സേവനങ്ങള്‍ തൊട്ടടുത്ത് ലഭ്യമാക്കുന്നതിനും ഇതിലൂടെ കഴിയും.

ഉദ്ഘാടന ചടങ്ങില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം, പരിശോധന കിറ്റുകള്‍, ഡേറ്റാ എന്‍ട്രി ടാബ്ലറ്റുകള്‍ എന്നിവ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ.ഡാനിയല്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ടി. ഇന്ദുകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍,  ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു