സാക്ഷരതാ പഠിതാക്കളുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിച്ച് ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൊലുമ്പന്‍കോളനിയില്‍

post

ഇടുക്കി: കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാക്ഷരരാക്കേണ്ട പഠിതാക്കളുടെ സര്‍വ്വേ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പും  നേരിട്ട് പങ്കാളികളായി.  ഇടുക്കി ജില്ലയിലെ 15 വയസിനു മുകളില്‍ പ്രായമുള്ള 20000 നിരക്ഷരരെയാണ്  പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാക്ഷരരാക്കുന്നത്.

പദ്ധതി പ്രകാരം ജില്ലയിലെ പഠിതാക്കളെ കണ്ടെത്താനുള്ള വിവരശേഖരണത്തിന്റെ ഭാഗമായി വാഴത്തോപ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് കൊലുമ്പന്‍കോളനിയിലെ പഠിതാക്കളായ കുഴിമുണ്ടയില്‍ കുരുമ്പിയമ്മ (86), തൈമാക്കല്‍ രാജമ്മ (76), കാണിക്കാരന്‍ പ്ലാന്തോട്ടത്തില്‍ ഭാസ്‌കരന്‍ (88) എന്നിവരില്‍ നിന്നും ജില്ലാ കളക്ടറും ജില്ലാ പഞ്ചായത്തു പ്രസിഡന്റും ചേര്‍ന്ന് വിവര ശേഖരണം നടത്തി.

സാക്ഷരതാ മിഷന്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം പദ്ധതി വിശദീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.  കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.