മന്ത്രി ഡബിള്‍ ബെല്ലടിച്ചു ; പിങ്ക് കഫേ കായല്‍ക്കൂട്ട് തയ്യാര്‍

post

കൊല്ലം: അഷ്ടമുടിയുടെ രുചിക്കൂട്ടും പുതുതലമുറയുടെ പ്രിയവിഭവങ്ങളും നറച്ച പിങ്ക് കഫേ കായല്‍ക്കൂട്ട് വണ്ടിക്ക് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഇരട്ട മണിയിടിച്ച് തുടക്കമിട്ടു. ഡബിള്‍ ബെല്ലില്‍ ബസ് ഓടില്ല, പക്ഷെ അടുപ്പ് കത്തും. മണം പരക്കും. വേറിട്ട രുചി തേടുന്നവര്‍ക്കായി കെ. എസ്. ആര്‍. ടി. സി ഗ്യാരേജിന് മുന്നിലായി ഓടാത്ത ബസ്സിനുള്ളില്‍ കുടുംബശ്രീ ഒരുക്കിയതാണ് പിങ്ക് കഫെ.

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍, നാട്ടുകാര്‍ക്ക് മിതമായ വിലയ്ക്ക് നല്ല ആഹാരം, വാടകയിനത്തില്‍ കെ. എസ്. ആര്‍. ടി. സിക്കും വരുമാനം എന്നതാണ് പുതുസംരംഭത്തിന്റെ പ്രത്യേകതയെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി പറഞ്ഞു. ലേലം ചെയ്യാന്‍ പാകത്തിലായ വാഹനമാണ് കഫെയായി പ്രവര്‍ത്തിപ്പിക്കാം എന്ന പുതിയ ആശയത്തിലൂടെ വരുമാന സ്രോതസായി മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കരിമീന്‍ മുതല്‍ കല്ലരിപ്പന്‍ വരെ നീളുന്ന വിഭവ സമൃദ്ധിയാണ് കഫെയുടെ മുഖ്യ ആകര്‍ഷണം. ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും ന്യൂജെന്‍ വൈവിദ്ധ്യവും ഒരുക്കിയിട്ടുണ്ട്.