ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യം : മന്ത്രി ജെ. ചിഞ്ചു റാണി

post

തക്കാളി വണ്ടിയും ജില്ലയില്‍

കൊല്ലം:  മട്ടുപ്പാവ്കൃഷി ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് ജൈവ പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചണ്ണപ്പേട്ട സ്വാശ്രയ കര്‍ഷക സമിതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അമിതവിലയുള്ള ഇതരസംസ്ഥാന പച്ചക്കറികള്‍ക്ക് പകരം ആഭ്യന്തര മുദ്പാദന വര്‍ധന ഉറപ്പാക്കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ മുഖേന വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കും. പൊതുവിപണിയിലെ വില കര്‍ഷകര്‍ക്ക് നല്‍കി മിതമായ വിലയില്‍ ജനങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം.

ന്യായവില ഉറപ്പാക്കുന്ന തക്കാളി വണ്ടിയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ പി.ജെ ജോണിനെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മികച്ച കര്‍ഷകരെയും മന്ത്രി തന്നെ ആദരിച്ചു.

അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അധ്യക്ഷയായി. വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി. ശിവരാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനീഷ്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികകുമാരി, വി.എഫ്.പി.സി.കെ മാനേജര്‍മാരായ മേരി സൈമണ്‍, ഷീജ മാത്യു, സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് സജി ഇല്ലിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.