വയോജന സംരക്ഷണം നാടിന്റെ കടമ: മന്ത്രി മുഹമ്മദ് റിയാസ്

post

കണ്ണൂര്‍: വയോജനങ്ങളുടെ ശാരീരിക മാനസിക സംരക്ഷണം ഉറപ്പു വരുത്തുക എന്നത് സര്‍ക്കാരിനൊപ്പം തന്നെ നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കതിരൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ച ഇ കെ നായനാര്‍ പകല്‍ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വയോജന സംരക്ഷണത്തിന് ഉയര്‍ന്ന പരിഗണന നല്‍കുന്ന സര്‍ക്കാരാണ് നമ്മുടേത്. വാതില്‍പ്പടി സേവനത്തില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് അവര്‍ക്കാണ്. കൊവിഡ് കാലത്ത് കരുതലോടെയുള്ള സമീപനം ആണ് വയോജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്-മന്ത്രി പറഞ്ഞു.

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിതത്. രണ്ടു ബെഡ് റൂം, രണ്ടു ടോയ്ലറ്റ്, ഒരു സെന്‍ട്രല്‍ ഹാള്‍, ഒരു അടുക്കള ആവശ്യമായ ഫര്‍ണിച്ചര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുണ്ടുചിറ ജൂബിലി അംഗന്‍വാടിക്ക് സമീപം  എകെജി സ്മാരക ലൈബ്രറി ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സംഭാവന ചെയ്ത അഞ്ച് സെന്റ് സ്ഥലത്താണ് വിശ്രമകേന്ദ്രം.

എ എന്‍  ഷംസീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, കതിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് അഫ്സല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി വി സന്തോഷ്, വാര്‍ഡ് മെമ്പര്‍ ടി കെ ഷാജി, ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറി ടി വി സുഭാഷ്, സിഡിപിഒ എ പി പ്രസന്ന, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എസ് ഷിജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പൊന്ന്യം കൃഷ്ണന്‍, എ വി ദാമോദരന്‍, പി പ്രസന്നന്‍, എ വാസു, സുഗീഷ് പൊന്ന്യം തുടങ്ങിയവര്‍ പങ്കെടുത്തു.