ശിശു സൗഹൃദ സാഹചര്യം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് : മന്ത്രി റോഷി അഗസ്റ്റിന്‍

post

ഇടുക്കി: ശിശു സൗഹൃദ സാഹചര്യം രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ബാല സൗഹൃദ കേരളം മൂന്നാം ഘട്ടം - ബാല സംരക്ഷണ സമിതിയുടെ ശാക്തികരണം  ശില്‍പശാല  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മന്ത്രി.  കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുവാനും അവരുടെ അവകാശങ്ങളെ കൃത്യതയോടെ പരിപാലിക്കാനും വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ സംസ്ഥാനത്ത് ഉണ്ട്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഇടപെടാനും ബോധവല്‍ക്കരണം നല്‍കാനും നമുക്ക് സാധിക്കണം. ഇതിലൂടെ വരും കാലങ്ങളില്‍ കേസുകളുടെ എണ്ണം കുറയ്ക്കാന്‍ നമുക്ക് സാധിക്കും. സമൂഹത്തിനും രക്ഷിതാക്കള്‍ക്കും ഇവരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തം ഉണ്ട്. ആവശ്യമായ എല്ലാ നിയമ പരിരക്ഷയും ഉറപ്പാക്കണം. ഈ തിരിച്ചറിവ് എല്ലാര്‍ക്കും ഉണ്ടാകണം. രാഷ്ട്രത്തിന്റെ എല്ലാ കാര്യങ്ങളിലും അടിസ്ഥാന പരമായിട്ടുള്ള മാറ്റങ്ങള്‍ക്ക് നേതൃത്വപരമായ മാറ്റം വഹിക്കുവാന്‍ കുട്ടികള്‍ക്കാണ് സാധിക്കുക.  ഇത് സംബന്ധിച്ച് അവരില്‍ അവബോധം വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സ്വന്തന്ത്രമായ ചിന്തയോട് കൂടി വിവേചനങ്ങള്‍ ഇല്ലാതെ സമൂഹത്തില്‍ കുട്ടികള്‍ക്ക് വളര്‍ന്നു വരാനുള്ള അവസരം / സാഹചര്യം രൂപപ്പെടുത്തണം. ഇതിനായി സംസ്ഥാന ബാലവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റെനി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്  മുഖ്യാതിഥി ആയിരുന്നു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വഷയം അവതരിപ്പിച്ചു.

 ബാലസൗഹൃദ കേരളം സമൂഹത്തിന് ഉത്തരവാദിത്വം എന്ന വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീത എംജി, ബാലസൗഹൃദ പദ്ധതികളുടെ ആസൂത്രണം എന്ന വിഷയത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, ബാല സംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകനം എന്ന വിഷയത്തില്‍ വനിതാ ശിശു വികസന ഓഫീസര്‍ ഗീതാകുമാരി എസ്, നിയമപരിരക്ഷയും കുട്ടികളും എന്ന വിഷയത്തില്‍ നിയമ വിദഗ്ധന്‍ അഡ്വ. പ്രിന്‍സ് ജെ പാണനാല്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ്  അഗസ്റ്റിന്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി കുര്യാക്കോസ്,  കേരള സംസ്ഥാന ബാലാവകാശ  സംരക്ഷണ കമ്മീഷന്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ. ജോര്‍ജ്,, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്ജ്  തുടങ്ങിയവര്‍ പങ്കെടുത്തു.