പറവൂര്‍ സ്‌കൂളില്‍ ടിങ്കറിംഗ് ലാബ് തുറന്നു

post

ആലപ്പുഴ: പറവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടിങ്കറിംഗ് ലാബ്  പ്രവര്‍ത്തനമാരംഭിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് സജ്ജമാക്കിയ ലാബ് എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

അപ്പര്‍ പ്രൈമറി തലം മുതല്‍ കുട്ടികളില്‍ ഗവേഷണ അഭിരുചി വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട്  നടപ്പാക്കുന്ന നൂതന സംവിധാനമാണിത്. നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനും  പ്രശ്‌നപരിഹാരമികവ്,  സര്‍ഗ്ഗാത്മകത, നേതൃപാടവം, ക്രിയാത്മക ചിന്ത എന്നിവ വളര്‍ത്താനും ഈ സംവിധാനം സഹായകമാകും.

കോഡിംഗ്, ത്രീഡി പ്രിന്റിംഗ്, സെന്‍സര്‍ ടെക്നോളജി, റോബോട്ടിക്സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഇലക്ട്രോണിക്സ് തുടങ്ങിയവ ടിങ്കറിംഗ് ലാബിലുടെ  കുട്ടികള്‍ക്ക് അടുത്തറിയാനാകും.    

ശാസ്ത്രത്തെ അനുഭവത്തിലൂടെയും പരീക്ഷണത്തിലൂടെയും മനസ്സിലാക്കാന്‍ സാധിക്കും വിധമാണ് ലാബിന്റെ രൂപകല്‍പന. വിദഗ്ധരുടെ സഹായത്തോടെ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളെ ഫലപ്രാപ്തിയിലെത്തിക്കാനും ഈ സംവിധാനം സഹായമാകും.