പക്ഷിപ്പനി സ്ഥിരീകരിച്ചു: കരുവാറ്റയിലും നെടുമുടിയിലും പ്രതിരോധ നടപടികള്‍

post

ആലപ്പുഴ: ജില്ലയില്‍ നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് നെടുമുടിയിലെ മൂന്നു മേഖലകളില്‍ നിന്നും കരുവാറ്റയിലെ ഒരു മേഖലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്നു രാവിലെ ആരംഭിക്കും.

കൈനകരി, പുന്നപ്ര- നോര്‍ത്ത്, സൗത്ത്, അമ്പലപ്പുഴ- നോര്‍ത്ത്, സൗത്ത്, പുറക്കാട്, ചെറുതന, തകഴി, എടത്വ, മുട്ടാര്‍, ചമ്പക്കുളം, പുളിങ്കുന്ന്, രാമങ്കരി, ആര്യാട്, തൃക്കുന്നപ്പുഴ, കുമാരപുരം, പള്ളിപ്പാട് വീയപുരം, തലവടി എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭാ പരിധിയിലും താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേക്കും ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

സബ് കളക്ടര്‍ സൂരജ് ഷാജി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.ജി. ജിയോ, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ. ദീപ്തി, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.