വികസന സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ബജറ്റ്

post

കാസര്‍കോട് പാക്കേജിന് 90 കോടി, ബേക്കല്‍ കോവളം ജലപാത ഈ വര്‍ഷം

കാസര്‍കോട്: കാസര്‍കോടിന്റെ വികസന സ്വപ്നങ്ങള്‍ക്ക്  പുതുജീവന്‍ നല്‍കി കേരള ബജറ്റ് 2020-21. ബജറ്റ് പ്രഖ്യാപനങ്ങള്‍ ജില്ലയിലെ വിനോദ സഞ്ചാരമേഖലയിലും ഗതാഗതമേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും പുത്തന്‍ കുതിപ്പിന് മുല്‍ക്കൂട്ടാകും. സാമൂഹ്യക്ഷേമ മേഖലയിലും ഒട്ടേറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.  കാസര്‍കോടിനെ പിന്നോക്കാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച കാസര്‍കോട് പാക്കേജിന് ബജറ്റില്‍ 90 കോടി രൂപ നീക്കി വെച്ചു. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന് പിന്നില്‍ കാസര്‍കോട് വികസന പാക്കേജിന്റെ സഹായമായിരുന്നു. പാക്കേജിന്റെ കരുത്ത് ഒന്നുകൂടി വര്‍ധിപ്പിക്കുന്നതായി മാറുകയാണ് 2020-21 ബജറ്റ്. ജില്ലയുടെ സമഗ്രമേഖലയിലും മുന്നേറാനുള്ള വിവിധ പദ്ധതികളാണ് ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടത്.

ഗ്രീന്‍ ഫീല്‍ഡ് റെയില്‍പ്പാത

കാസര്‍കോട് ജില്ലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിലെത്താവുന്ന ഗ്രീന്‍ ഫീല്‍ഡ് റെയില്‍പ്പാത ഉടന്‍ യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്ത്  ഏറ്റവും അധികം മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ആകാശ സര്‍വ്വേ പൂര്‍ത്തിയായികഴിഞ്ഞു. അലൈന്‍മെന്റ് നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കും. മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ഭാഗവാക്കാകാന്‍ പല രാജ്യാന്തര ഏജന്‍സികളും തയ്യാറായിട്ടുണ്ടെന്ന് ബജറ്റില്‍ പറയുന്നു. റെയില്‍ പാതയോടൊപ്പം പുതിയ സര്‍വ്വീലസ് റോഡും അഞ്ച് ടൗണ്‍ഷിപ്പുകളും നിലവില്‍ വരും. നാല് മണിക്കൂര്‍ സമയത്തിനുള്ളില്‍ 1,457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താനാകും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 202425 വര്‍ഷത്തില്‍ 67,740 ദിവസ യാത്രക്കാരും 2051ല്‍ 1,47,120 ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന റെയില്‍വേ പദ്ധതിയില്‍ 10 സ്റ്റേഷനുളാണ് ഉണ്ടാവുക. കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്ക് ഹ്രസ്വദൂര ട്രെയ്‌നുകളുമാണ്ടാകും. രാത്രി കാലങ്ങളില്‍ ചരക്ക് കടത്തും വണ്ടികള്‍ കൊണ്ടുപോകാനുള്ള റോറോ സംവിധാനവും ഈ റെയിലല്‍ ഉണ്ടാകും. നിര്‍മ്മാണ ഘട്ടത്തില്‍ 50000 പേര്‍ക്കും സ്ഥിരമായി 10000പേര്‍ക്കും തൊഴില്‍ ലഭിക്കും. നല്ലൊരു ശതമാനവും റോഡ് ഗതാഗതത്തെ ആശ്രയിക്കുന്ന അവസ്ഥ മാറി. ജലപാതയും റെയില്‍വേ വികസനവും കൂടിച്ചേരുമ്പോള്‍ ജില്ലയിലെ ഗതാഗത ഘടനയില്‍ സൗഹൃദപരമായ മാറ്റമുണ്ടാകും. 

കോവളം ബേക്കല്‍ ഉള്‍നാടന്‍ ജലപാത ഈ വര്‍ഷം തുറക്കും

കോവളം ബേക്കല്‍ ഉള്‍നാടന്‍ ജലപാത ഉടന്‍ തുറന്ന് നല്‍കും. ദേശീയപാതയ്ക്ക് സമാനമായി ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതമേഖലയില്‍ വന്‍ കുതിപ്പാകും. ബേക്കല്‍ മുതല്‍ കോവളം വരെ 585 കിലോമീറ്റര്‍ ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിനോദ സഞ്ചാരമേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്ത ബേക്കല്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങളാണ് ജല പാത തുറന്നു നല്‍കുന്നതോടെ യാഥാര്‍ത്ഥ്യമാവുക. മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് പ്രത്യേക ഊന്നല്‍ പദ്ധതിയിലുണ്ട്. ദേശീയ ജലപാതയുടെ ഉദ്ഘാടനത്തോടെ മലബാര്‍ ക്രൂയിസിന്റെ ആകര്‍ഷകത്വം വര്‍ധിക്കും. 

തീരദേശ മേഖലയ്ക്കും പ്രതീക്ഷ

തീരദേശ മേഖലയുടെ സമഗ്രവികസനം മുന്‍നിര്‍ത്തി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 5000 കോടിയുടെ തീരദേശ പാക്കേജ് അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കും. നടപ്പു വര്‍ഷം ഈ മേഖലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് അടക്കം 380 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് 64 കോടിരൂപ, ആശുപത്രികള്‍ക്ക് 201 കോടിരൂപ, കടല്‍ഭിത്തിക്കും പുലിമുട്ടിനും 57 കോടിരൂപ, ഹാര്‍ബറുകള്‍ക്ക് 209 കോടി രൂപ, മീന്‍ മാര്‍ക്കറ്റുകള്‍ക്ക് 100 കോടിരൂപ, 150 കോടി രൂപ എന്നിവയാണ് പദ്ധതികള്‍.  ലൈഫ് മിഷനില്‍ ഫിഷറീസ് മേഖലയില്‍ 280 കോടി രൂപയില്‍ 7000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. വിശപ്പ് രഹിത കേരളം പദ്ധതിയില്‍ 25 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കുന്ന 1000 കുടുംബ ശ്രീ ഭക്ഷണശാലകള്‍ സംസ്ഥാനത്ത് നിലവില്‍ വരും. പത്ത് ശതമാനം ഊണ്‍ സ്‌പോണ്‍സര്‍മാര്‍ വഴി കണ്ടെത്തിയായിരിക്കും ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുക. 5000 പുതിയ തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കും. കോഴിക്കോട് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍ വരും. തെരഞ്ഞെടുക്കപ്പെട്ട അംഗണവാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സൗകര്യമൊരുക്കും. കുടുംബ ശ്രീ നേതൃത്വത്തില്‍ ട്രാന്‍സ്ജന്ററുകള്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ ഒരുങ്ങും.