കേരഗ്രാമം പദ്ധതിയിലൂടെ 15 ലക്ഷം തെങ്ങും തൈകള്‍ നടും: മന്ത്രി പി. പ്രസാദ്

post

പത്തനംതിട്ട : കേരഗ്രാമം പദ്ധതിയിലൂടെ ഒരു വര്‍ഷം പതിനഞ്ചു ലക്ഷം തെങ്ങും തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം പന്ത്രണ്ടു ലക്ഷം തൈകളാണ് നട്ടുപിടിപ്പിച്ചിട്ടുള്ളത്. കേരഗ്രാമം പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കും. ഒരു വാര്‍ഡിന് 75 തെങ്ങും തൈകള്‍ വീതം നല്‍കും. മൂന്നു വര്‍ഷം കൊണ്ട് കേരഗ്രാമങ്ങള്‍ക്ക് തെങ്ങു പരിപാലനത്തിനായി 76 ലക്ഷം രൂപ നല്‍കും. 250 ഹെക്ടര്‍ സ്ഥലത്താണിവ പരിപാലിക്കുക. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ യൂണിറ്റുകളെ സംയോജിപ്പിച്ച്  പഞ്ചായത്ത് ഫണ്ടു നല്‍കി പന്തളം തെക്കേക്കര കേരഗ്രാമം എന്ന ബ്രാന്‍ഡില്‍ വെളിച്ചെണ്ണ, ഉരുക്കു വെളിച്ചണ്ണ യൂണിറ്റ് നിര്‍മിച്ച് വിതരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ കാര്‍ഷിക മേഖല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കാര്‍ഷിക രംഗത്തേക്ക് ഒരു പാടു പേര്‍ കടന്നു വരുന്നത് ഒരു പുതിയ മാറ്റമാണ്. ഇത്തരം മാറ്റമാണ് നമ്മുടെ സമ്പത്ത്. ജനങ്ങള്‍ക്ക് ഗുണകരമായ പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന പദ്ധതിയാണ് കേരഗ്രാമം പദ്ധതി. പന്തളം തെക്കേക്കര പഞ്ചായത്തിലെ മുഴുവന്‍ കേര കര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും, കാര്‍ഷിക വികസന സമിതിയുടെയും സഹകരണത്തോടെ കേര സമിതി രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത വളപ്രയോഗം, രോഗ കീട നിയന്ത്രണം തുടങ്ങി വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. നാളീകേര കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ച് കേര കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കേരഗ്രാമം പദ്ധതി നടപ്പാക്കിവരുന്നത്.

ആര്യാട്ട് വീട് തട്ടയില്‍ നാരായണന്‍, ഒരു വീട്ടില്‍ തെക്കേതില്‍ സി.കെ. രവി ശങ്കര്‍, വരിക്കോലില്‍ പെരുംപുളിക്കല്‍ മോഹനന്‍ പിള്ള, കിഴക്കേ വാലയ്യത്തുപെരുംപുളിക്കല്‍ എ.കെ. സുരേഷ്, കല്ലുംപുറത്തു തട്ടയില്‍ മാധവന്‍ പിള്ള, എന്നീ കര്‍ഷകരെ ചടങ്ങില്‍ മന്ത്രി  ആദരിച്ചു.

തെങ്ങ് കയറ്റ യന്ത്രം നല്‍കി ആനുകൂല്യ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. പമ്പ് സെറ്റ് പെര്‍മിറ്റ് വിതരണം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജ് ബോബിയും നിര്‍വഹിച്ചു. സംയോജിത വിള പരിപാലനം നാളികേര കൃഷിയില്‍ എന്ന വിഷയത്തില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ.എല്‍. നിഹാദ്, കായംകുളം സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ. ജോസഫ് രാജ്കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, സമേതി തിരുവനന്തപുരം ആന്‍ഡ് നോഡല്‍ ഓഫീസര്‍ ഡയറക്ടര്‍ അനില മാത്യു, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജ് ബോബി, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.