അഴിമതി സമൂഹത്തെ ബാധിച്ച കാന്‍സര്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

post

തിരുവനന്തപുരം: അനധികൃതമായ പണമാണ് അഴിമതിക്ക് കാരണമാകുന്നതെന്നും അഴിമതി സമൂഹത്തെ ബാധിച്ച കാന്‍സറാണെന്നും  സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അന്താരാഷ്ട്ര അഴിമതി ദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ ലോകായുക്ത സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജാഗ്രതക്കുറവും സമൂഹത്തില്‍ അഴിമതിയെ വളര്‍ത്തുന്നു.  അഴിമതി നിയമവാഴ്ചക്കെതിരാണെന്നും അഴിമതിക്കെതിരായ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ സമൂഹത്തില്‍ അഴിമതി ഉണ്ടാകില്ലെന്നും യോഗത്തിന് അധ്യക്ഷത വഹിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

അഴിമതിക്കെതിരെ പ്രതികരിക്കാതെ നിസ്സംഗത പാലിക്കുന്നതും കുറ്റകരമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭരണഘടന നീതി ഉറപ്പു നല്‍കുന്നുവെന്നും അഴിമതി എന്നാല്‍ നീതി നിഷേധമാണെന്നും ലോകായുക്ത പറഞ്ഞു.

ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അടൂര്‍ ഗോപാലകൃഷ്ണന് മെമന്റോ നല്‍കി.  ഉപലോകായുക്ത ബാബു മാത്യു  പി. ജോസഫ്, സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പാതിരിപ്പിള്ളി കൃഷ്ണകുമാരി, അഡ്വ. ബാബു. പി. പോത്തന്‍കോട് എന്നിവര്‍ സംസാരിച്ചു.