കുളങ്ങള്‍ ശുചീകരിക്കാന്‍ മിഷന്‍ തെളിനീരുമായി കോഴിക്കോട്

post

കോഴിക്കോട് : ജില്ലയില്‍ 2020 ഫെബ്രുവരി മാസം കുളങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി പരിപാലിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 'മിഷന്‍ തെളിനീര്‍' എന്ന പേരില്‍ ഒരു പരിപാടി നടത്തുകയാണ്.ഇതനുസരിച്ച് ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ ഒരു കുളമെങ്കിലും തെരഞ്ഞെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് പരിപാലിക്കാന്‍ ലക്ഷ്യമിടുന്നു.

ഫെബ്രുവരി 15-23 കാലയളവില്‍ ഒരു ക്യാമ്പയിന്‍ രൂപത്തില്‍ ഇത് ചെയ്യാനാണ് ആലോചിട്ടുള്ളത്. സാധ്യമായ സ്ഥലങ്ങളില്‍ ഇത്തരം കുളങ്ങളുടെ തുടര്‍ പരിപാലനം തൊഴിലുറപ്പ് പദ്ധതി, ജനകീയാസൂത്രണ പദ്ധതി, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ നടത്തുകയും തുടര്‍പരിപാലനം ഉറപ്പു വരുത്തുകയും ചെയ്യും.

ജനുവരി മാസത്തില്‍ 'മിഷന്‍ സുന്ദര പാതയോരം' പരിപാടിയിലൂടെ റോഡുകളുടെ വശങ്ങള്‍ ശുചീകരിച്ച്, ചെടികളും മറ്റും വെച്ച് മനോഹരമാക്കാന്‍ സാധിച്ചിരുന്നു. ഹരിതകേരളം മിഷന്റെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ' ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയും ജില്ലയില്‍ നന്നായി നടന്നു.ഒരുകാലത്ത് കുടിവെള്ളത്തിനും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കൃഷിക്കും ഉപയോഗിച്ചിരുന്ന കുളങ്ങളില്‍ പലതും ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍  പ്രധാന ജലസ്രോതസുകളായ കുളങ്ങളെ വീണ്ടെടുക്കുന്നതിനുള്ള ഈ ജനകീയ യജ്ഞം തദ്ദേശഭരണം സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും.