കനത്ത മഴ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കും

post

പത്തനംതിട്ട: കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് പമ്പയില്‍ വിരിവയ്ക്കാനുള്ള അനുമതി നല്‍കാന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ തീര്‍ഥാടന പുരോഗതി വിലയിരുത്തുന്നതിനു ശബരിമല സന്നിധാനത്തു ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

നിലവില്‍ രണ്ട് ആംബുലന്‍സുകളാണ് ശബരിമലയില്‍ സേവനത്തിന് ഉപയോഗിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം, അയ്യപ്പസേവാ സംഘത്തിന്റെ പമ്പയിലുള്ള ആംബുലന്‍സും ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കാമെന്നും എഡിഎം പറഞ്ഞു.

ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ കൂട്ടത്തോടെ മടങ്ങുമ്പോള്‍ തിരക്കൊഴിവാക്കാന്‍ പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് ഷെഡ്യൂളുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നല്‍കുമെന്ന് എഡിഎം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും എഡിഎം നിര്‍ദേശിച്ചു.

പമ്പയില്‍ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത സജ്ജമാക്കിയത് യോഗം വിലയിരുത്തി. സന്നിധാനത്ത് സ്ഥിരം ജോലി ചെയ്യുന്നവരുടെ ആരോഗ്യ കാര്യത്തില്‍ എല്ലാ വകുപ്പുകളും പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ഭക്തരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളെല്ലാം പ്രവര്‍ത്തന സജ്ജമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും മികച്ച നിലയില്‍ നടക്കുന്നതായും യോഗം വിലയിരുത്തി.

പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍, ആര്‍എഎഫ് ഡപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ദേവസ്വം ബോര്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സംഗീത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.