ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പരിഗണനയും നീതിയും ഉറപ്പ് വരുത്തണം

post

 ഇടുക്കി: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നിയമം അനുശാസിക്കുന്ന നീതിയും ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമവും നിയമ പരിരക്ഷയും എന്ന വിഷയത്തെ ആസ്പദമാക്കി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി നിരവധി ക്ഷേമ പദ്ധതികള്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളുടെ ലഭ്യതയും തുല്യ അവകാശങ്ങളും ഉറപ്പ് വരുത്തുകയുമാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.

യോഗത്തില്‍ തൊടുപുഴ മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷയായി. ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  ജി. ഗോപകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു.എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. വി. സജികുമാര്‍, അഡ്വ. പുരുഷോത്തമന്‍ പിള്ള, ശ്യാമ എസ്. പ്രഭ, പ്രജിത്ത് പി.കെ, ജോമോള്‍ തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളിലായി ക്ലാസുകള്‍ നയിച്ചു.