അഭ്യസ്തവിദ്യരായ 20 ലക്ഷം യുവാക്കള്‍ക്ക് കെഡിസ്‌കിലൂടെ 5 വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കും -മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

post

കാസര്‍കോട് : കേരളത്തിലെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്  അഞ്ചു വര്‍ഷം കൊണ്ട് കെഡിസ്‌കി ലൂടെ വീട്ടില്‍ അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണം എക്‌സൈസ് വകുപ്പ് മന്ത്രി

 എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഇളമ്പച്ചി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും പുനര്‍നാമകരണ പ്രഖ്യാപനവും    മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . അഭ്യസ്തവിദ്യരായ  യുവതി യുവാക്കളെ ചേര്‍ത്ത് നിര്‍ത്തിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താനാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ ഉള്ളത് കേരളത്തിലാണ്. കോടാനുകോടി രൂപ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന കേരളത്തില്‍ തൊഴില്‍ സാഹചര്യമൊരുക്കി സാമൂഹ്യ ജീവിതത്തില്‍ അവരെ ചേര്‍ത്ത് നിര്‍ത്താനാകണം. ഒരാളുടെ അഭ്യര്‍ത്ഥനയുമില്ലാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ഒമ്പതേക്കാല്‍ ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് വന്നത് അത്ഭുതാവഹമായ മാറ്റമാണ്.പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുമെന്ന സര്‍ക്കാറിന്റെ അടിയുറച്ച നയത്തിന്റെ വിജയമാണിത്. ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന പാവപ്പെട്ടവരുടെ നാടാണ് കേരളംമെന്നും ഇത് ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രായോഗികത,സാമൂഹിക പരത, ചരിത്രപരത, വിനിമയത ഇവയെല്ലാം ഉള്‍ച്ചേര്‍ന്ന വരുമ്പോഴാണ് വിജ്ഞാനം ഉണ്ടാവുക. ഇക്കാര്യം ആധുനിക സമൂഹം തിരിച്ചറിയുകയും പ്രവര്‍ത്തിക്കുകയും വേണം. നമ്മുടെ വിദ്യാഭ്യാസമേഖല ഇനിയും വളരെ മുന്നോട്ടു പോകേണ്ടതുണ്ട്. കേരളം ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന ഒരു വിജ്ഞാനകേന്ദ്രം ആയി മാറണം. വിജ്ഞാനത്തിന്‍ ഹബ്ബായി കേരളം മാറണം. പുതിയ സമൂഹം സൃഷ്ടിക്കുകയും പുതിയ നാടിനായി പ്രവര്‍ത്തിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.