ക്ലാസ്മുറിക്കപ്പുറമുള്ള അറിവ് വിദ്യാര്‍ഥികളിലെത്തിക്കാന്‍ നൂതന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി

post

തിരുവനന്തപുരം: ക്ലാസ് മുറികള്‍ക്കപ്പുറമുള്ള അറിവ് വിദ്യാര്‍ഥികളിലെത്തിക്കാന്‍  നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൈറ്റ് വിക്‌റ്റേഴ്‌സ് ചാനലില്‍ പുതുതായി സംപ്രേഷണം തുടങ്ങുന്ന 10 പരമ്പരകള്‍ ഈ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സിലെ പുതിയ പരമ്പരകളുടെ ഉദ്ഘാടനവും 'തിരികെ വിദ്യാലയത്തിലേക്ക്' ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ചിന്തകളും ഭരണഘടനാ മൂല്യങ്ങളും ലിംഗസമത്വവും ശാസ്ത്രീയ സമീപനവുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഊന്നല്‍ നല്‍കിയാകും പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയെന്നു മന്ത്രി പറഞ്ഞു. അക്കാദമിക് തലത്തിലുള്ള പാഠപുസ്തകങ്ങള്‍ മാത്രമല്ല, ഓരോ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും വിജ്ഞാനവുംകൂടി വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കിയാലേ വിദ്യാഭ്യാസം പൂര്‍ത്തിയാകൂ. ഇതു മുന്‍നിര്‍ത്തി നാനാതുറകളിലുള്ള വിദഗ്ധരുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കുന്നതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തുകയാണ്.

കോവിഡ്കാലത്ത് ആഗോളതലത്തില്‍ വിദ്യാഭ്യാസ മേഖലയടക്കം പകച്ചു നിന്നപ്പോള്‍ കേരളത്തിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ നല്‍കിയ കൈത്താങ്ങ് വലുതാണെന്നു മന്ത്രി പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സിന് വലിയശാലയില്‍ കുടുതല്‍ സൗകര്യങ്ങളോടെ പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കും. സ്‌കൂള്‍വിക്കിയില്‍ മികച്ച രീതിയില്‍ പേജുകള്‍ തയാറാക്കുന്ന സ്‌കൂളുകള്‍ക്ക് സംസ്ഥാനതലത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ഒന്നാം സമ്മാനമായി 1.5 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം ഒരു ലക്ഷം, 75000 രൂപ വീതവും നല്‍കും. ജില്ലാതലത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം നടത്തിയ സംസ്ഥാനമെന്ന ഖ്യാതി നേടാന്‍ കേരളത്തിനു കഴിഞ്ഞതായി ചടങ്ങില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ തുടക്കംമുതല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് അതിനെ എത്തിക്കാന്‍ കഴിഞ്ഞതിന്റെ നേട്ടംകൂടിയാണിത്. 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരങ്ങളുടെ മാതൃകയില്‍ വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവിനെ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്താന്‍ തുടര്‍ന്നും കഴിയണം. മയക്കുമരുന്ന് അടക്കമുള്ള തെറ്റായ പ്രവണതകളിലേക്കു കുട്ടികള്‍ പോകുന്നതു തടയാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം ഡോ. ബി. ഇക്ബാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ശാസ്ത്ര എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി, എഴുത്തുകാരി നേഹ സി. തമ്പാന്‍, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, സീനിയര്‍ ക്രിയേറ്റീവ് എഡിറ്റര്‍ കെ. മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.