കുട്ടികളുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: 'മണ്ണപ്പം' മികച്ച ചിത്രം

post

എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി നടന്ന 'അതിജീവനത്തിൻ്റെ മണ്ണ്' ഷോർട്ട് ഫിലിം ഫെസ്റ്റിൽ തത്തപ്പിളളി പുഞ്ചിരി ബാലസഭയുടെ 'മണ്ണപ്പം' എന്ന ലഘുചിത്രം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള അവാർഡ് ദാനവും മണ്ണ് ദിനാഘോഷവും അഭിനേതാവും സംവിധായകനുമായ സോഹൻ സീനു ലാൽ ഉദ്ഘാടനം ചെയ്തു.

രണ്ടാം സ്ഥാനം കൈതാരത്തെ ആരോമൽ കൃഷ്ണ തയ്യാറാക്കിയ 'പൊന്നിനേക്കാൾ വിലയുള്ള മണ്ണ്' എന്ന ചിത്രത്തിനും മൂന്നാം സ്ഥാനം കൂനമ്മാവ് സെൻ്റ് ജോസഫ് എച്ച്.എസ്.എസിലെ ജെയിം വിൽഫ്രഡ് നിർമ്മിച്ച 'പ്രകൃതി കൃഷി' എന്ന ചിത്രത്തിനും ലഭിച്ചു. കിഴക്കേപ്രം ജനതാ ലൈബ്രറിയുടെ 'മണ്ണിൻ്റെ മക്കൾ' മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തു.

മണ്ണ് ദിനത്തിൽ ഇൻസ്പയർ ഇന്ത്യ സെക്രട്ടറി വി.കെ ശ്രീധരൻ മാഷ് മണ്ണ് ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, വൈസ് പ്രസിഡൻ്റ് അനിജാ വിജു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, വള്ളുവള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എ അഗസ്റ്റിൻ, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, ഫാം ഫെയ്സ് മാനേജർ ലെബീബ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു എന്നിവർ പങ്കെടുത്തു.