വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഓരോ ജില്ലയിലും ഭവനസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍

post

ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവര്‍ക്ക്  ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇതിനായി സര്‍ക്കാറിന്റെയും വിവിധ വകുപ്പുകളുടെയും കൈവശമുള്ള  ഭൂമി ് ഏറ്റെടുത്താണ് സ്ഥലം കണ്ടെത്തുക. ഇത് സാധ്യമായില്ലെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, പ്രളയ ദുരന്ത ബാധിതര്‍ക്ക് കുടുംബശ്രീ ഭവന നിര്‍മ്മാണ യൂണിറ്റുകള്‍ വഴി നിര്‍മ്മിച്ചു നല്‍കിയ 121 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഏഴ് കോടി രൂപ ചെലവഴിച്ചാണ് രാമോജി ഫിലിംസിറ്റി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാവപ്പെട്ടവര്‍ക്ക് കേവലം വീട് മാത്രമല്ല,  അതിനൊപ്പം തൊഴില്‍, പ്രായമായവര്‍ക്കും രോഗികള്‍ക്കുമുള്ള പരിചരണം തുടങ്ങിയവയെല്ലാം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.  ഈ സര്‍ക്കാര്‍ കുടുംബശ്രീയെ ശാക്തീകരിച്ചു.  നിര്‍മ്മാണ മേഖലയിലെ തൊഴില്‍ പുരുഷന്മാരുടെ  കുത്തകയായിരുന്നത് മാറ്റി വനിതകള്‍ക്കും അവസരം ഒരുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.415 വനിതകള്‍ക്കാണ് കെട്ടിട നിര്‍മാണത്തില്‍ കുടുംബശ്രീ ആലപ്പുഴയില്‍ പരിശീലനം നല്‍കിയത്. ഇവര്‍ ഇപ്പോള്‍ തന്നെ  14 ലൈഫ് ഭവനങ്ങളും നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.  വീടുകള്‍ നമുക്ക് നിര്‍മ്മിച്ചു നല്‍കിയതിന് രാമോജി ഫിലിം സിറ്റിയുടെ ഉടമകള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും തുടര്‍ന്നും കേരളത്തിന്റെ വികസന കാര്യങ്ങളില്‍ സഹകരണം പ്രതീക്ഷിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു. ധാരണാപത്രം പ്രകാരം 116 വീടുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്.   മിച്ചം തുക കണ്ടെത്തി 121 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കാര്യക്ഷമമായ ഇടപെടലുകള്‍ മൂലമാണ്. ഇത്  മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതി വഴി രണ്ടു ലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  രാമോജി ഫിലിംസിറ്റിയുടെ പ്രതിനിധി ചെറുകുരി കിരണിനെ മുഖ്യമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. വീട് നിര്‍മാണം വേഗത്തിലാക്കി എട്ട് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ സബ്കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി നല്‍കി. ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. എല്ലാ പഞ്ചായത്തിലും കുടുംബശ്രീയുടെ കെട്ടിട നിര്‍മാണ യൂണിറ്റ് തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഒന്നര ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ഇതില്‍ കുടുംബശ്രീക്ക് നിര്‍ണായക സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വനിതകളുടെ നിര്‍മാണ ഗ്രൂപ്പുകള്‍ക്കുള്ള അനുമോദനവും ഇന്‍സെന്റീവ് വിതരണവും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. കേരളത്തില്‍ വനിതകളുടെ വിപ്ലവകരമായ മുന്നേറ്റത്തിലെ ഒടുവിലത്തെ ഉദാഹരണമാണ് ജില്ലയിലെ വീടുകളുടെ നിര്‍മാണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണം നടത്തിയ ടീം അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിച്ചു. എ.എം.ആരിഫ് എം.പി., രാമോജി ഗ്രൂപ്പിന്റെ മാര്‍ഗ്ഗ ദര്‍ശി ചിട്ടി ഫണ്ട് എം.ഡി ശൈലജ കിരണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,  കുടുംബശ്രീ ഡയറക്ടര്‍ ആശാ വര്‍ഗ്ഗീസ്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം അഡ്വ.സി.എസ്.സുജാത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍, ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ജെ.പ്രശാന്ത് ബാബു, മുന്‍ കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.