കൃഷിയെ ഒരു ജനകീയ ഉത്സവമാക്കണം: കൃഷി മന്ത്രി പി.പ്രസാദ്

post

കാസര്‍കോട് : കൃഷിയെ ഒരു ജനകീയ ഉത്സവമാക്കി മാറ്റണമെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതത്തിന്  പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ആവശ്യമാണെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്‍പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയിലെ 'സ്ഥാപനങ്ങളിലെ പദ്ധതി അധിഷ്ഠിത കൃഷിയുടെ ' തൈനടീല്‍   ഉദ്ഘാടനം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു  മന്ത്രി. നാവിന്റെ   രുചിക്കു കീഴടങ്ങി രോഗത്തിന്റെ തടവറയിലേക്കു നമ്മുടെ തലമുറ വീഴാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം.  പച്ചക്കറി വില പിടിച്ചു നിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഇടനിലക്കാരില്ലാതെ പച്ചക്കറി എത്തിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു.  തമിഴ്നാട്ടില്‍ നിന്നു വരുന്ന പച്ചക്കറികളില്‍ കീടനാശിനികളുടെ പ്രയോഗം അമിതമായതിനാല്‍  സുരക്ഷിതവും ആരോഗ്യകരവുമായ  ഭക്ഷണത്തിന് നാം ഓരോരുത്തരും സ്വയം കൃഷിയിലേക്ക് ഇറങ്ങണമെന്ന്   മന്ത്രി ഓര്‍മിപ്പിച്ചു. കാസര്‍കോട്  ജില്ലയില്‍  പച്ചക്കറി കൃഷി വിപുലമാക്കാന്‍ വേണ്ട എല്ലാ പിന്തുണയും പിന്‍ബലവും  സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാതൃക കര്‍ഷകനായ നെല്ലിക്കുന്ന് തോട്ടത്തില്‍ വീട്ടില്‍ ബി.എന്‍.പദ്മനാഭനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കൃഷിയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന ജനറല്‍  ആശുപത്രി ജീവനക്കാരായ സീതമ്മ, പി.യു.ഡേവിസ്,  മിനി ജോസ് എന്നിവര്‍ക്കു ഉപഹാരങ്ങള്‍ നല്‍കി.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട്  നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ കാര്‍ഷിക ഉപകരണങ്ങള്‍ കാസര്‍കോട്  ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ രാജാറാമിനു കൈമാറി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി.സുഭാഷ്  പദ്ധതി വിശദീകരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്,  കൃഷി അഡീഷ്ണല്‍ ഡയറക്ടര്‍മാരായ ജോര്‍ജ് അലക്സാണ്ടര്‍, എസ്.സുഷമ, ജോയിന്റ് ഡയറക്ടര്‍ ആര്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി സ്വാഗതവും ജനറല്‍ ആശുപത്രി സൂപ്രണ്ട് കെ.കെ രാജാറാം നന്ദിയും പറഞ്ഞു.