മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്ത് കേരഗ്രാമം പദ്ധതി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതി മൂന്ന് വര്‍ഷത്തില്‍ അവസാനിക്കുന്നില്ലെന്ന് തുടര്‍ച്ച ആവശ്യമാണെന്നും  മന്ത്രി പറഞ്ഞു. 

തെങ്ങ് കൃഷിക്കായി മൂന്ന് വര്‍ഷം കൊണ്ട് 76 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് കേരഗ്രാമം. എന്നാല്‍ പദ്ധതി 3 വര്‍ഷത്തില്‍ അവസാനിക്കരുതെന്നും അതിന്റെ ചുമതല പഞ്ചായത്തിനാണെന്നും  അതിനായുള്ള കര്‍മ്മ പദ്ധതികള്‍ ഉടന്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം പഞ്ചായത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷി ആരംഭിച്ച് പരിപാലിക്കേണ്ടതാണെന്നും പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും വരുമാന വര്‍ധനവ് സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സ്വന്തം എന്ന് നമ്മള്‍ പറയുന്നതെങ്ങിന്റെ ഉത്പാദനക്ഷമത അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര എന്നിവയെക്കാള്‍ താഴെയാണ് നില്‍ക്കുന്നത്. തെങ്ങിന് ആവശ്യമായ കാലാവസ്ഥയും മണ്ണും എല്ലാം നമുക്കു ണ്ടെങ്കിലും തെങ്ങ് മറ്റ് വിളകള്‍ക്ക് വഴിമാറുന്ന സ്ഥിതിവിശേഷം നമ്മുടെ നാട്ടിലുണ്ട്. കേരഗ്രാമം പദ്ധതിക്ക് പുറമേ നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം 15 ലക്ഷം തെങ്ങിന്‍ തൈകള്‍ നടാന്‍ തീരുമാനിച്ചു. ഈ വര്‍ഷം 12 ലക്ഷം തൈകള്‍ നട്ടു. വരും വര്‍ഷങ്ങളില്‍ 15 ലക്ഷം തൈകള്‍ നടുമെന്നും അദ്ദേഹം പറഞ്ഞു.

പച്ചംപള്ളയില്‍ നടന്ന ചടങ്ങില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷനായി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് പദ്ധതി വിശദീകരിച്ചു. മുതിര്‍ന്ന കര്‍ഷകനായ അബൂബക്കര്‍ ഹാജി സിതി നഗര്‍ മുട്ടം കുന്നിലിനെ മന്ത്രി ആദരിച്ചു.  കൃഷി അഡീഷണല്‍ സെക്രട്ടറി സാബിര്‍ ഹുസൈന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍, മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസഫ് ഹേരൂര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഖൈറുന്നിസ, മംഗല്‍പാടി പഞ്ചായത്ത് അംഗം സുഹറ മുഹമ്മദ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍, (സി.പി) ജോര്‍ജ്ജ് അലക്സാണ്ടര്‍, കൃഷി അഡീഷണല്‍ ഡയറക്ടര്‍, എക്സ്റ്റന്‍ഷന്‍ എസ്. സുഷമ, കേരഗ്രാമം പ്രസിഡന്റ് ആദം സാഹിബ്, രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ മൊയ്തു, മഹമൂദ്, അശോക് കുമാര്‍, ഹമീദ് കോമോസ്സ്, താജുദ്ദീന്‍ മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി, ജയരാമ കെ. ബാലന്‍ഗുഡില്‍, മുഹമ്മദലി, സിദ്ദിഖ് കൈകമ്പ തുടങ്ങിയവര്‍ സംസാരിച്ചു.

മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് കദീജത്ത് റിസാന സ്വാഗതവും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണ റാണി നന്ദിയും പറഞ്ഞു.