ഉപതെരഞ്ഞെടുപ്പ്; കാണക്കാരിയിലും മാഞ്ഞൂരിലും വോട്ടെടുപ്പ് ഏഴിന്

post

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി ( വാര്‍ഡ് 9), മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍ (വാര്‍ഡ് 12) എന്നീ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡിസംബര്‍ ഏഴിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. എട്ടിനു രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് പറഞ്ഞു. വോട്ടെടുപ്പിനായി 25 പോളിംഗ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണലിനായി 10 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

ഡിസംബര്‍ ഏഴിന് കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂര്‍ സെന്‍ട്രല്‍ എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പോളിംഗ് സ്റ്റേഷനുകളായ മാഞ്ഞൂര്‍ എസ്.എന്‍.വി. എല്‍.പി സ്‌കൂള്‍, കാണക്കാരി സി.എസ്.ഐ. കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവയ്ക്ക് ഡിസംബര്‍ ആറിന് ഉച്ചകഴിഞ്ഞും ഡിസംബര്‍ ഏഴിന് പൂര്‍ണമായും അവധിയായിരിക്കും. വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരി അനുവദിച്ച് നല്‍കണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബര്‍ ഏഴിന് വൈകിട്ട് ആറു മണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ എട്ടിനും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായിരുന്നു.