ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി കോന്നി ഗവ. മെഡിക്കല്‍ കോളജ്

post

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി മാറുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ച ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം വിപുലമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ നിന്നും വേഗത്തില്‍ കോന്നിയിലെത്തി ചികിത്സ തേടാന്‍ കഴിയും. ശബരിമലയുടെ അടിസ്ഥാന മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിക്ക് വലിയ വികസന സാധ്യതയാണ് നിലനില്ക്കുന്നത്.

മെഡിക്കല്‍ കോളജില്‍ നിന്നും ഒരു പ്രധാന പാത വട്ടമണ്‍- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചന്‍കോവില്‍ - പ്ലാപ്പള്ളി റോഡിന്റെ ഭാഗമാകും. ശബരിമലയില്‍ നിന്നും ആങ്ങമൂഴി - സീതത്തോട് - ചിറ്റാര്‍ - തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കല്‍ കോളജ് പാതയിലൂടെ ആശുപത്രിയില്‍ എത്തിച്ചേരാം. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിനെയാണ് ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്.

മെഡിക്കല്‍ കോളജിന്റെ നാലാം വാര്‍ഡാണ് ശബരിമല വാര്‍ഡാക്കി മാറ്റിയിട്ടുള്ളത്. 30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ ലഭ്യമായ പരമാവധി സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജ് വാര്‍ഡിനായി തയാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.