ചെറുപ്പക്കാരെ തൊഴില്‍ ദാതാക്കളാക്കുന്ന മനോഭാവത്തിലേക്കു സമൂഹം മാറണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: തൊഴില്‍ അന്വേഷകര്‍ എന്നതിനേക്കാളുപരി തൊഴില്‍ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി ഇടപെടാന്‍ ചെറുപ്പക്കാര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ(കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ പുത്തന്‍ ആശയ രൂപീകരണത്തിന് ഊന്നല്‍ നല്‍കി കെ-ഡിസ്‌ക് നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പദ്ധതി രാജ്യത്തുതന്നെ സമാനതകളില്ലാത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയെ മനുഷ്യ ന•യ്ക്കായി ഉപയോഗിക്കുക എന്നതാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്‌നപരിഹാരത്തിന് ഉപയോഗപ്പെടുത്തുകയും വേണം. യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പോലുള്ള പദ്ധതികള്‍ ഇതു ലക്ഷ്യംവച്ചുള്ളതാണ്.

നൈപുണ്യ വികസനം, വ്യവസായ പുനഃസംഘടന, കാര്‍ഷിക നവീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി 40,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാണു ശ്രമിക്കുന്നത്. ഇവ മൂന്നിലും കൃത്യമായി ഇടപെടാന്‍ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിനു കഴിയണം. വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും കേരളത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഉത്തേജനം പകരും. ചെറുപ്പക്കാരുടെ അറിവും ശേഷിയും വ്യക്തിഗത വികാസത്തിനെന്നപോലെ നാടിന്റെ പൊതുവായ ന•യ്ക്കും പ്രയോജനപ്പെടുത്തണം. ഇതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനും പദ്ധതിക്കാകണം.

2018 ല്‍ ആരംഭിച്ച യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ഏതൊക്കെ മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും പരിഹാരമുണ്ടാക്കിയെന്നും വിലയിരുത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതലുള്ള പദ്ധതിയെ രൂപപ്പെടുത്തുകയും നിരന്തരം നവീകരിക്കുകയും വേണം. അപ്പോള്‍ മാത്രമേ 'ഇന്നൊവേഷന്‍' എന്ന ആശയം പൂര്‍ണമായി ഉള്‍ക്കൊണ്ടൂവെന്നു കരുതാനാകൂ. 1,00,000 വിദ്യാര്‍ഥികള്‍, 30,000 ആശയങ്ങള്‍ എന്ന ലക്ഷ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക്, സുസ്ഥിരതയിലൂന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയണമെന്നും മുഖ്യന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ അടുത്ത നാലര വര്‍ഷംകൊണ്ടു വലിയ മാറ്റമുണ്ടാകുമെന്നു ചടങ്ങില്‍ അധ്യക്ഷതവഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ നൂതന ആശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്പാദന മേഖലയുടെ വളര്‍ച്ച വേണ്ടത്ര വരുന്നില്ലെന്നതു രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നു പദ്ധതിയുടെ പ്രീ രജിസ്‌ട്രേഷന്‍ ആന്‍ഡ് വോയ്‌സ് ഓഫ് കസ്റ്റമര്‍ മൊഡ്യൂള്‍ ഉദ്ഘാടനം ചെയ്തു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉത്പാദന ശൃഘലയില്‍ നൂതന ആശയങ്ങളും ഇടപെടലുകളും വേണം. ഇതില്‍ കേരളത്തിനു കൂടുതല്‍കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രഖ്യാപനമായി പദ്ധതി മാറണം. യുവതലമുറയുടെ സ്വപ്നങ്ങളെ പ്രയോഗതലത്തിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.