കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിന്റെ ഭാഗമാക്കി നടപ്പാക്കും

post

പത്തനംതിട്ട:  സഞ്ചായത്ത് കടവ്  ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടൂറിസം ഡയറക്ടറും, ജില്ലാ കളക്ടറും എംഎല്‍എയോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവില്‍ വനം വകുപ്പ് വക സ്ഥലവും,  പുറമ്പോക്കു ഭൂമിയുമുണ്ട്. ഇവിടമാണ് പുതിയ ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നത്.

 അച്ചന്‍കോവില്‍ ആറിനെ പ്രധാന ആകര്‍ഷക കേന്ദ്രമാക്കിയുള്ള പദ്ധതികളാണ് നടപ്പാക്കുക. വിശദമായ പദ്ധതി തയാറാക്കാന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എം പാനല്‍ ചെയ്ത ആര്‍ക്കിടെക്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആനക്കൂടിനും, അടവിക്കും ശേഷം കോന്നിയില്‍ ശ്രദ്ധാകേന്ദ്രമായ ടൂറിസം പദ്ധതിയായി സഞ്ചായത്ത് കടവ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോന്നി ടൗണിനു സമീപത്തുള്ള ഈ പദ്ധതി വളരെയധികം സഞ്ചാരികളെ കോന്നിയില്‍ എത്തിക്കാന്‍ സഹായകരമാകും.

           എംഎല്‍എ യോടൊപ്പം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യര്‍, ഇക്കോ ടൂറിസം ഡയറക്ടര്‍ ആര്‍.എസ്. അരുണ്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍.ശ്യാം മോഹന്‍ലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി. നായര്‍, വാര്‍ഡ് മെമ്പര്‍ കെ.ജി. ഉദയകുമാര്‍, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ സുബൈര്‍ കുട്ടി, ടൂറിസം ഡിപ്പാര്‍ട്‌മെന്റ് എം പാനല്‍ ആര്‍ക്കിടെക്ട് പ്രമോദ് പാര്‍ത്ഥന്‍, സി പി.ജോസഫ് പോള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.