ആസാദി കാ അമൃത് മഹോത്സവ്; സ്വാതന്ത്ര്യ സമര സന്ദേശ സ്മൃതി യാത്ര കയ്യൂരില്‍ സമാപിച്ചു

post

കാസര്‍കോട്: രാജ്യം സ്വതന്ത്ര്യമായതിന്റെ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകര്‍ന്ന കാസര്‍കോടിന്റെ മണ്ണിനെയറിയാന്‍  വിദ്യാര്‍ഥികള്‍ നടത്തിയ ദ്വിദിന യാത്ര സമാപിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സ്വതന്ത്ര്യസമര സന്ദേശ സ്മൃതി യാത്ര ചിരസ്മരണ സംഘടിപ്പിച്ചത്. മഞ്ചേശ്വരത്തെ രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരകമായ ഗിളിവിണ്ടുവില്‍ ശനിയാഴ്ച ആരംഭിച്ച സന്ദേശ സ്മൃതി യാത്രയില്‍ വിദ്യാര്‍ഥികള്‍ ഞായറാഴ്ച എ.സി.കെ ഭവനം, മടിക്കൈ ഏച്ചിക്കാനം തറവാട്, നീലേശ്വം രാജാസ്, കുട്ടമത്ത് ഭവനം, ടി.എസ് തിരുമുമ്പ് ഭവനം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.   കയ്യൂര്‍ രക്തസാക്ഷി മഠത്തില്‍ അപ്പു (രക്തസാക്ഷി ഭവനത്തില്‍) നടന്ന  സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലന്‍, വൈസ് പ്രസിഡണ്ട് ശാന്ത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡയറ്റ് പ്രന്‍സിപ്പല്‍ ഡോ എം ബാലന്‍, സര്‍വ്വശിക്ഷാ കേരള ഡി.പി.സി രവീന്ദ്രന്‍ കൈറ്റ് ജില്ലാ കോഡിനേറ്റര്‍  പി.സി രാജേഷ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എം എം മധുസൂദനന്‍,  കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ഭാസ്‌കരന്‍ ചെറുവത്തൂര്‍, കെ ജി സനല്‍ ഷാ, ശ്യാമള തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി ദില്‍ഷ സിജി നന്ദി പറഞ്ഞു. കയ്യൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും കയ്യൂര്‍ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും  സ്വാതന്ത്ര്യ സംഗീതം ആലപിച്ചു. വിദ്യാര്‍ത്ഥികള്‍  സ്വാതന്ത്ര്യ സമരത്തില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രക്തസാക്ഷികളായ കയ്യൂര്‍ സമര സേനാനികളുടെ സ്മൃതി കുടീരവും സന്ദര്‍ശിച്ചു