അനുഭവേദ്യ വിനോദസഞ്ചാരം; 'സ്ട്രീറ്റ്' പദ്ധതിയില്‍ മറവന്‍തുരുത്തും മാഞ്ചിറയും

post

കോട്ടയം: ടൂറിസത്തിന്റെ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ പറ്റുന്ന 'സ്ട്രീറ്റ്' പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാരവകുപ്പ് ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തും അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമത്തിലെ മാഞ്ചിറയും തിരഞ്ഞെടുത്തു.

ഓരോ പ്രദേശത്തിന്റേയും സാധ്യതയ്ക്ക് അനുസരിച്ച്   കണ്ടറിയാനാവുന്നതും അനുഭവവേദ്യമാകുന്നതുമായ പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കുന്നതുമായ സ്ട്രീറ്റുകള്‍ ഉറപ്പാക്കുന്നതാണ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് / എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്,ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ വിവിധ സ്ട്രീറ്റുകള്‍ നിലവില്‍ വരും. 

കുറഞ്ഞത് മൂന്നു സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ പദ്ധതി പ്രദേശങ്ങളിലും നടപ്പാക്കപ്പെടും. പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തദ്ദേശവാസികളും വിനോദസഞ്ചാരപ്രക്രിയയില്‍ മുഖ്യപങ്ക് വഹിക്കും. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന്  സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന യു.എന്‍.ഡബ്ല്യൂ.റ്റി.ഒ യുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ്  സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്. ഉത്തരവാദിത്ത ടൂറിസം മിഷന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറാണ് പദ്ധതി രൂപരേഖ തയാറാക്കിയത്. 

സസ്റ്റൈയിനബിള്‍ ( സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്നത്),റെസ്പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ളത്), എക്സ്പീരിയന്‍ഷ്യല്‍ ( അനുഭവവേദ്യം), എത്നിക്ക് ( പാരമ്പര്യ തനിമയുള്ളത് ), ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്. 

നാലു വര്‍ഷമാണ് പദ്ധതി നിര്‍വഹണ കാലാവധി. വിനോദ സഞ്ചാരമേഖലയെ ജനകീയവല്‍ക്കരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിന്റെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്നതിനും സ്ട്രീറ്റ് പദ്ധതിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.