'തിരുതാളി' പാഠവും പ്രകടനവും സമാപിച്ചു

post

കോട്ടയം: കേരള ഫോക് ലോര്‍ അക്കാദമിയും മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച 'തിരുതാളി' ഫോക്ലോര്‍ പാഠവും പ്രകടനവും സമാപിച്ചു. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം 'ഗ്രാമസന്ധ്യ' സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യം സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മതനിരപേക്ഷ സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന ആശയം സാധ്യമാകാന്‍ ഏറെ കടമ്പകള്‍ളുണ്ടെന്നും ഭക്ഷണത്തില്‍ വരെ വേര്‍തിരിവ് ഉണ്ടാക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള ചിന്തകളെ അതിജീവിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. കലാകാരന്‍മാരിലൂടെയും കലാ പ്രദര്‍ശനങ്ങളിലൂടെയും ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന വേര്‍തിരിവ് മാറ്റാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ സി.റ്റി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഫോക് ലോര്‍  അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പത്മനാഭന്‍ കാവുമ്പായി വിശിഷ്ടാതിഥിയായി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. ജോസ് കെ. മാനുവല്‍, സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജര്‍ ഫാ. ബേബി കട്ടിയാങ്കല്‍, ടോം മാത്യു, ഡോ. അജു കെ. നാരായണ്‍, ഡോ. സജി മാത്യു എന്നിവര്‍ പങ്കെടുത്തു. 

തുടര്‍ന്ന് തൃശൂര്‍ കരിന്തലക്കൂട്ടത്തിന്റെ  നാടന്‍പാട്ടും നാടന്‍കലാവതരണവും നടന്നു. രാവിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നടന്ന പഠന സെമിനാറില്‍ 'പാട്ട്-പാഠവത്കരണത്തിന്റെ പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ സി.ജെ. കുട്ടപ്പന്‍ പ്രഭാഷണം നടത്തി.