നവീകരിച്ച സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നാടിന് സമര്‍പ്പിച്ചു

post

കാസര്‍കോട് : നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുഖഛായ മാറ്റിയ കാസര്‍കോട് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കെട്ടിടം വ്യവസായമന്ത്രി ഇ പി ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. ഉദയഗിരിയില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ 15 വര്‍ഷം മുമ്പ് നിര്‍മിച്ച കാസര്‍കോട് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ 2016ലെ കാലവര്‍ഷത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ എഞ്ചിനീയറിങ് വിഭാഗം 82 ലക്ഷം രൂപ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്ന് നിലകളായുള്ള കെട്ടിടത്തില്‍ ഒമ്പത് മുറികള്‍ , 13 ശുചിമുറികള്‍, ജിംനേഷ്യം, പഠന മുറി, രണ്ട് ഡോര്‍മെട്രികള്‍, അടുക്കള, ഡൈനിങ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് വിശ്രമമുറികള്‍, ഗസ്റ്റ് റൂം, സ്റ്റോര്‍ റൂം, വാര്‍ഡന്‍ റൂം തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. മുറികള്‍, ശയനമുറികള്‍, വരാന്തകള്‍ എന്നിവയില്‍ ടൈല്‍ പാകുകയും പ്ലംബിങ്,പെയിന്റിങ് തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തുകയും അലൂമിനിയം ജനലുകളും വെന്റിലേറ്ററുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഹോസ്റ്റലില്‍ അറുപതോളം കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. 

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോടിന്റെ പ്രധാന ഇനമായ കബഡിയെ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് എം പി പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനുമായ വിവി രമേശന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍, കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത് കുമാര്‍, കായിക യുവജന കാര്യാലയം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി അനന്തകൃഷ്ണന്‍, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു