നിറവ് 2020ന് തുടക്കമായി

post

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 14ാമത് സംസ്ഥാനതല കലാകായികമേളയായ 'നിറവ് 2020'ന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. നെടുമങ്ങാട ്ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ 17 ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്യൂട്ടുകളില്‍ നിന്നായി 900 വിദ്യാര്‍ഥികളാണ് കലാകായിക മേളയില്‍ പങ്കെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ജില്ല ജിസിഐ ഫെസ്റ്റിന് വേദിയാവുന്നത്.

പ്രതിഭാശാലികള്‍ക്ക് തങ്ങളുടെ കലാകായിക വാസനകള്‍ പ്രകടിപ്പിക്കാന്‍ സഹായകമാവുന്ന ഇത്തരം കലോത്സവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്ഡി.കെ.മുരളി എം.എല്‍.എ.പറഞ്ഞു. നെടുമങ്ങാട് ടിഎച്ച്എസ് സൂപ്രണ്ട് ഡി.ഗോപന്‍,നെടുമങ്ങാട് മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ റോസല്ല, ജിസിഐ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ വി.എസ്.മിനിമോള്‍,ജിസിഐ ഫെസ്റ്റ് ജോയിന്റ് കണ്‍വീനര്‍ ദീപ രാമനാഥന്‍,ജിസിഐ മണ്ണന്തല പിടിഎ വൈസ് പ്രസിഡന്റ് രാജ്‌മോഹന്‍,സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍,അധ്യാപകര്‍,വിദ്യാര്‍ഥികള്‍,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളത്തിനു ശേഷം നാല് വേദികളിലായി അരങ്ങേറിയ കലാമേളയില്‍ വിവിധ ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ പ്രതിഭകള്‍ മാറ്റുരച്ചു. ഇന്നും(09 ഫെബ്രുവരി) കലാമത്സരങ്ങള്‍ സംഘടിപ്പിക്കും.  വൈകുന്നേരംഏഴ് മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ.നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷനാകും.