ആലപ്പുഴയ്ക്ക് വിനോദസഞ്ചാര മേഖലയിലെ പ്രൗഢി വീണ്ടെടുക്കാനാകും; മുഖ്യമന്ത്രി

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പുനരുജ്ജീവന പദ്ധതികളിലൂടെ ആലപ്പുഴ ജില്ലയ്ക്ക് വിനോദ സഞ്ചാര മേഖലയിലെ പ്രൗഢി വീണ്ടെടുക്കാനാകുമെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ. സമ്പന്നമായ ചരിത്രവും പൈതൃകവും ഇതിന് മുതല്‍ക്കൂട്ടാകുന്നു. അതുകൊണ്ടു തന്നെയാണ് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൈതൃക പദ്ധതി അനുവദിച്ചത്.  ഇതിന്റെ ഭാഗമായി ഏദേശം 100 കോടി രൂപയുടെ വികസന പദ്ധതികള്‍ അവസാനഘട്ടത്തിലാണ്. 

തോടുകളുടെ നവീകരണവും നടന്നുവരുന്നു. ഈ പദ്ധതികളെല്ലാം വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കാനും കോവിഡ് പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവിനും സഹായകമാകും. 

വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായാണ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്- മുഖ്യമന്ത്രി പറഞ്ഞു. 

കണിച്ചുകുളങ്ങര ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം വിനോദസഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.