കലക്ടറുമായുള്ള അഭിമുഖം യുവാക്കള്‍ക്ക് നവ്യാനുഭവമായി

post

കോഴിക്കോട് : ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന പദ്ധതിയില്‍ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ കേരള സംഘടിപ്പിക്കുന്ന ഹിമാചല്‍ പ്രദേശ്-കേരളം അന്തര്‍സംസ്ഥാന യുവ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി 2020 ഫെബ്രുവരി 8നു പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ സാംബശിവറാവുവുമായി അഭിമുഖം നടത്തി.   യുവാക്കള്‍ സ്വയം നല്ല വ്യക്തിത്വം ഉള്ളവരും സമൂഹത്തില്‍ നന്മ ചെയ്യുന്നതിനായി മുന്നിട്ടിറങ്ങുന്നവരുമായിരിക്കണം. കഠിനാധ്വാനം ചെയ്താല്‍ മാത്രമേ നമുക്ക് ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.  സമൂഹത്തിലെ തിന്മകളെ കുറിച്ച് അഭിപ്രായം പറയുന്നതിനു പകരം സ്വയം നന്മയുള്ളവരാകണം.  ഹിമാചല്‍ പ്രദേശും കേരളവും ഏകദേശം ഒരുപോലെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയാന്‍ പറ്റിയ പ്രദേശങ്ങളാണ്. കേരളത്തെ സംബന്ധിച്ച് വിദ്യാഭ്യാസപരമായി നൂറുശതമാനവും വിജയം കൈവരിച്ചെങ്കിലും യുവാക്കള്‍ തൊഴില്‍ കണ്ടെത്തുന്നതിന് ശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  എല്ലാവരും ഇഷ്ടപ്പെട്ട തൊഴിലിന് വേണ്ടി കാത്തിരിക്കുകയാണ്.30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  കോഴിക്കോട് ജില്ല ഒരു പ്ലാസ്റ്റിക് വിമുക്ത ജില്ല ആക്കി എടുക്കാന്‍ സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യം നേടുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ്. ജീവിതനിലവാരത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. അവശ്യഘട്ടങ്ങളില്‍ കൂട്ടായ്മയോടെ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ജില്ലാ ഭരണകൂടം വിജയിച്ചിട്ടുണ്ടെന്നും യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജില്ലാ കലക്ടര്‍  പറഞ്ഞു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാലത്ത് 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു.  ജില്ലാ കലക്ടറുടെ മറുപടിയില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള  നിന്നുള്ള   യുവാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു.  50 ഹിമാചല്‍ പ്രദേശിലെയും 50 കേരളത്തിലെയും യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. നെഹ്‌റു യുവ കേന്ദ്ര  ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ സനൂപ്. സി. അംഗങ്ങളെ പരിചയപ്പെടുത്തി.