വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

post

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വെള്ളപ്പൊക്കം മൂലമുണ്ടായ പച്ചക്കറികളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇന്ന് പ്രധാനമായുമുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളും. കോവിഡിനു ശേഷമുള്ള പല മാറ്റങ്ങളും വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. വിലക്കയറ്റം തടയാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണ്. ജി.എസ്.ടി നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാണുള്ളത്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ''കൂട്ടിയവര്‍ കുറയ്ക്കട്ടെ'' എന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ശരിവയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിച്ച നടപടി. ജനങ്ങളുടെ എതിര്‍പ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കി ഗൗരവമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.