കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് വിപുലീകരിക്കുന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റിലെ കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ക്കുള്ള അനുമോദനവും മുന്‍ ജില്ലാ മെഡിക്കന്‍ ഓഫീസര്‍ ഡോ.ജയശ്രീ വി യെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ കോളേജ് സംവിധാനത്തെ വിപുലീകരിക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കാണാത്ത രോഗങ്ങളും സംഭവ വികാസങ്ങളുമാണ് ഈ അടുത്ത  കാലയളവില്‍ ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈ സമയങ്ങളില്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നില കൊണ്ടവരാണ് കോവിഡ് ബ്രിഗേഡുമാരെന്ന് മന്ത്രി പറഞ്ഞു. 

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, കോവിഡ് കണ്‍ട്രോള്‍ റൂം, ഇ- സഞ്ജീവനി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍,  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കം 95 പേരെയാണ് ആദരിച്ചത്.