റേഷന്‍ വിതരണത്തില്‍ ജനങ്ങളുടെ പരാതികള്‍ ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ നടപ്പാക്കും; മന്ത്രി ജി.ആര്‍.അനില്‍

post

കോഴിക്കോട്: കേരളത്തിലെ റേഷന്‍ വിതരണരംഗത്ത് സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എല്ലാ പരാതികളും ഉള്‍ക്കൊണ്ട് മാറ്റങ്ങള്‍ നടപ്പാക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പാലയാട്ട്നടയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറിനെ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും സ്വന്തം റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ റേഷന്‍ ഷോപ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 15 വരെ റേഷന്‍ കടകളില്‍ പരാതിപ്പെട്ടികളുണ്ടാവും. റേഷന്‍ കടകളുമായി ബന്ധപ്പെട്ട പരാതികളും പെട്ടിയില്‍ നിക്ഷേപിക്കാം. പരാതികള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വിശദമായി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

നിത്യജീവിതവുമായി ബന്ധപ്പെട്ട് ഭക്ഷ്യ പൊതുവിതരണവകുപ്പും സപ്ലൈക്കോയും വളരെ മികച്ച പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തുന്നത്. കോവിഡ് ദുരിതകാലത്ത് വളരെ നിര്‍ണായകമായ പങ്കാണ് വകുപ്പ് നിര്‍വ്വഹിച്ചത്. സപ്ലൈക്കോ ഔട്ട്ലറ്റുകളിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ  മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനം തുടരുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ വിതരണകാര്യത്തില്‍ വളരെ കാര്യക്ഷമമായ നിലയിലേക്ക് റേഷന്‍കടകളെയും സപ്ലൈക്കോയെയും എത്തിക്കാനായി. അനര്‍ഹമായി കൈവശം വെച്ചിരുന്ന 1.6 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. സാധാരണക്കാര്‍ക്ക് ആശ്വാസകരമാവുന്ന നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.