സമഭാവനയുടെ അന്തരീക്ഷം ക്യാമ്പസുകളില്‍ സൃഷ്ടിക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

post

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളില്‍ സമഭാവനയുടെയും സമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച  'സമഭാവനയുടെ സത്കലാശാലകള്‍', എന്ന ദ്വിദിന സംസ്ഥാനതല ശില്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവകേരള  കര്‍മ്മ പദ്ധതിയിലൂടെ സമൂലവും സമഗ്രവുമായ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

ഒരു ജ്ഞാന സമൂഹമായി കേരളത്തെ മാറ്റിയെടുക്കുന്നതിനോടൊപ്പം ക്യാമ്പസുകളിലും സമൂഹത്തിലും ലിംഗപരവും സാമൂഹികവും സാമ്പത്തികവുമായ വിവേചനം  അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത് മുന്‍നിര്‍ത്തി എല്ലാ ക്യാമ്പസുകളിലും ജന്‍ഡര്‍ ജസ്റ്റിസ് ഫോറങ്ങള്‍ ഉണ്ടാകണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു.

അതിദ്രുത പുരോഗതിയോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപകര്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താന്‍ കഴിയും. സമൂഹത്തില്‍ ഇപ്പോഴും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനം അതിന് മുഖ്യ കാരണമാണ്.

സ്ത്രീകള്‍ എങ്ങനെ പെരുമാറണമെന്നുള്ള ചില അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ധീഷണാപരമായ കഴിവുകള്‍ പെണ്‍കുട്ടികളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. നയരൂപീകരണത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര സാന്നിധ്യം ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശക റ്റി.കെ. ആനന്ദി, മിനി സുകുമാര്‍, കെ.പി. എന്‍ അമൃത (കില), എഴുത്തുകാരി സി.എസ്.ചന്ദ്രിക, മലയാളം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എ.ജി. ഒലീന, ട്രാന്‍സ് ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം എന്നിവര്‍ ശില്‍പ്പശാലയില്‍ പ്രഭാഷണം നടത്തി. ജ്യോതിരാജ് എം ചടങ്ങില്‍ നന്ദി പറഞ്ഞു.