ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക പരിശോധന വര്‍ധിപ്പിക്കും: കോര്‍കമ്മിറ്റി

post

കാസര്‍കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും സമ്പര്‍ക്ക പരിശോധന നിരക്ക് കുറവായതിനാല്‍ ഇത് വര്‍ധിപ്പിക്കണമെന്ന്  ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു.  ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയാരിന്നു കളക്ടര്‍. സമ്പര്‍ക്ക പരിശോധനയില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മറ്റ് പ്രദേശങ്ങളെക്കാളും താഴെയാണെന്നതിനാല്‍ ഇവിടെ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും യോഗം നിര്‍ദേശിച്ചു. ചട്ടഞ്ചാല്‍ പി.എച്ച്.സിയുടെ പരിധിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 150 പേര്‍ക്ക് ആധാര്‍ ലിങ്ക് അല്ലാത്തതിനാല്‍ കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാത്ത പ്രശ്‌നം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കുളത്തില്‍ ഒന്നിച്ച് മുങ്ങിക്കുളിക്കുന്നത് കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി.ഡി.എം.ഒ ഡോ.എ.ടി.മനോജ് പറഞ്ഞു.

സ്‌പൈസ് ഹെല്‍ത്ത് മുഖേന ജില്ലയില്‍ നടത്തിയിരുന്ന കോവിഡ് പരിശോധന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ ജില്ലയിലെ പരിശോധന സൗകര്യം കേന്ദ്ര സര്‍വകലാശാല ലാബില്‍ മാത്രമാകുമെന്ന് ഡെപ്യൂട്ടി.ഡി.എം.ഒ പറഞ്ഞു. കേന്ദ്ര സര്‍വകലാശാല പൂര്‍ണമായും പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ ലാബ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പുതിയ കെട്ടിടത്തില്‍ ഒരു ജനറേറ്റര്‍ സ്ഥാപിക്കേണ്ടതുണ്ട്.  വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഇതിനായി ലഭ്യമാക്കാമോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗം  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരോട് നിര്‍ദേശിച്ചു.