ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ കേരളത്തെ ലോകനിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

post

പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ കേരളത്തെ ലോക നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആളോഹരി വരുമാനത്തില്‍ പിന്നിലാണെങ്കിലും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തിയ നാടാണ് കേരളം. ഗുണമേന്മയുള്ള ജീവിതം നയിക്കുന്നവരാണ് കേരളീയര്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും ഇവിടുത്തെ ജനങ്ങള്‍ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെ ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ലോകരാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളവും ഉയരണം -മന്ത്രി പറഞ്ഞു. ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ കലവറയാണ് ഈ നാട്. കൊവിഡ് മരണത്തെ പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിക്കുന്നത് അനുബന്ധ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയുന്നത്‌കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആന്തൂര്‍ നഗരസഭയില്‍ 1.58 ഏക്കര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം  1986ലാണ് നിര്‍മിച്ചത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.

എന്‍എച്ച്എം - ആര്‍ഒപി ഫണ്ട് ഉപയോഗിച്ച് പത്തായിരം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.  2.5 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാപ്‌കോസ് ആണ് നിര്‍വ്വഹണ ഏജന്‍സി.  

ഒ പി മുറികള്‍, ഫാര്‍മസി, ലാബ്, കാത്തിരിപ്പ് കേന്ദ്രം, പ്രീചെക്കപ്പ് ഏരിയ,  ഒബ്‌സര്‍വേഷന്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, ഇഞ്ചക്ഷന്‍ റൂം, മുലയൂട്ടല്‍ കേന്ദ്രം, കുട്ടികള്‍ക്കുള്ള കളിയിടം, കോണ്‍ഫറന്‍സ് ഹാള്‍, ഐയുസിഡി റൂം, നഴ്‌സിങ് സ്റ്റേഷന്‍, ഡ്രസ്സിങ്/ മൈനര്‍ ഒ ടി,  ഓഫീസ് റൂം, സ്റ്റാഫ് ലോഞ്ച്, പൂന്തോട്ടം, സര്‍വര്‍ റൂം, ടോയ്‌ലെറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ ഒ പി സൗകര്യം, സ്പെഷ്യാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിതശൈലി, വയോജന, കൗമാര ക്ലിനിക് എന്നിവയുമുണ്ട്. ലബോറട്ടറി സേവനങ്ങളും, കൗണ്‍സലിങ്ങും പ്രീ ചെക്കപ് സൗകര്യങ്ങളും ലഭിക്കും.