ശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍ 69 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി

post

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ആഭിമുഖ്യത്തില്‍ ജില്ലയിലെ ശരണ്യ സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ കമ്മിറ്റി കളക്ടറേറ്റില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ലഭിച്ചതില്‍ 69 അപേക്ഷകള്‍ക്ക് യോഗം അംഗീകാരം നല്‍കി. 
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ് ഉണ്ണികൃഷ്ണന്‍, പ്ലെയിസ്‌മെന്റ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.ഖദീജ ബീബി, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍, ഐ.ടി.ഐ പ്രിന്‍സിപ്പല്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവരെയാണ് ശരണ്യ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്‌സിഡിയായി അനുവദിക്കും.